ഒത്തുകളി: ഏഴ് പാക് താരങ്ങള്‍ക്കെതിരെ അന്വേഷണം

August 29, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ലണ്ടന്‍: ലോര്‍ഡ് ടെസ്റ്റില്‍ ഒത്തുകളിനടന്നെന്ന ആരോപണത്തില്‍ ഏഴ് ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ അന്വേഷണം നടത്താന്‍ പാകിസ്താന്‍ ഉത്തരവിട്ടു.

ബ്രിട്ടണിലെ ഒരു ടാബ്ലോയ്ഡ് വാര്‍ത്തയെതുടര്‍ന്ന് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് നടത്തിയ അന്വേഷണത്തില്‍ പാക് പൗരനായ മസ്ഹര്‍ മജീദിനെ പിടികൂടിയിരുന്നു. ഇതൊടൊപ്പം ചില പാക് താരങ്ങള്‍ക്കെതിരെയും സ്‌കോട് ലന്‍ഡ് യാര്‍ഡ് അന്വേഷണം നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് പാകിസ്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ഭട്ട്, മുഹമ്മദ് ആസിഫ്, മുഹമ്മദ് അമീര്‍, കമ്രാന്‍ അക്മല്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.

മജീദ് പണം കൈമാറുന്നതിന്റെ വീഡിയോചിത്രങ്ങള്‍ ലഭിച്ചതായും ടാബ്ലോയ്ഡ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പാക് താരങ്ങളുടെ താമസസ്ഥലം റെയ്ഡ് ചെയ്ത് ലാപ് ടോപ്പും മൊബൈല്‍ഫോണുകളും പിടിച്ചെടുത്തതായുള്ള വാര്‍ത്ത ടീം മാനേജര്‍ യവാര്‍ സൈദ് പറഞ്ഞു.

ആരോപണം ഉയര്‍ന്നിരിക്കുന്ന ലോര്‍ഡ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിനം കളി അവസാനിച്ചപ്പോള്‍ തന്നെ പാകിസ്താന്‍ തോല്‍വിയുടെ വക്കിലാണ്. ഒന്നാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവാണ് സംശയമുയര്‍ത്തിയിരിക്കുന്നത്. 102 റണ്‍സിന് ഏഴ് വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനെ ട്രോട്ടും(184) ബ്രോഡും(169) ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 332 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ടുണ്ടാക്കി രക്ഷിക്കുകയായിരുന്നു. ഇതോടെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ 446ന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ ഒന്നാം ഇന്നിങ്‌സില്‍ 74 റണ്‍സിന് പുറത്തായി. ഫോളോ ഓണ്‍ ചെയ്ത് രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റിന് 41 എന്ന നിലയിലാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍