വയനാട്ടിലെ ഭൂസമരം നിര്‍ത്തിവെച്ചു

August 30, 2010 മറ്റുവാര്‍ത്തകള്‍

തൃശ്ശൂര്‍: വയനാട്ടിലെ ഭൂസമരം നിര്‍ത്തിവെയ്ക്കാന്‍ ആദിവാസി സമരസമിതി തീരുമാനിച്ചു. രാമനിലയത്തില്‍ സമരസമിതി നേതാക്കളും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

മൂന്നുമാസത്തിനകം വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സമരസമിതി നേതാക്കള്‍ പറഞ്ഞു.

സി.പി.എം വയനാട് ജില്ലാസെക്രട്ടറി പി.കെ. ശശി, കെ.സി കുഞ്ഞിരാമന്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരസമിതി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

കൈയേറ്റക്കാരെ ഒഴിപ്പിക്കാനായി ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും മുഖ്യമന്ത്രി സമരക്കാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതോടെ ഇത് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.

എം.വി ശ്രേയാംസ് കുമാര്‍ എം.എല്‍.എയുടെയും വെള്ളാരംകുന്നില്‍ അഡ്വ. ജോര്‍ജ് പോത്തന്റെയും മറ്റിടങ്ങളില്‍ ഹാരിസണ്‍ മലയാളം കമ്പനിയുടെയും തോട്ടങ്ങളിലാണ് സമരസമിതി കൈയേറ്റം നടത്തിയത്. കൈയേറ്റഭൂമിയില്‍ 274 കുടിലുകള്‍കെട്ടി 147 കുടുംബങ്ങളാണ് സമരം ചെയ്യുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍