മാധവന്‍ നായര്‍ പട്‌ന ഐഐടി ചെയര്‍മാന്‍ പദവി രാജിവച്ചു

January 28, 2012 ദേശീയം

ബാംഗ്ലൂര്‍: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ പട്‌ന ഐഐടിയിലെ പദവി രാജിവച്ചു. ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍മാന്‍ പദവിയാണ് ഒഴിഞ്ഞത്. എസ് ബാന്‍ഡ് വിവാദത്തെ തുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം സ്വമേധയാ പദവി ഒഴിയുകയായിരുന്നു. വിവരാവകാശ നിയമപ്രകാരം തനിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് മാധവന്‍ നായര്‍ പറഞ്ഞു.

വിവാദമായ ആന്‍ട്രിക്‌സ് – ദേവാസ് എസ് ബാന്‍ഡ് ഇടപാടിന്റെ പശ്ചാത്തലത്തിലാണു മാധവന്‍നായര്‍ ഉള്‍പ്പെടെ നാലു പ്രമുഖ ശാസ്ത്രജ്ഞര്‍ക്ക് സര്‍ക്കാര്‍ പദവികളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. മാധവന്‍ നായര്‍ക്കു പുറമെ ഐഎസ്ആര്‍ഒ മുന്‍ സയന്റിഫിക് സെക്രട്ടറി ഭാസ്‌ക്കര നാരായണന്‍, ആന്‍ട്രിക്‌സ് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ.ആര്‍.ശ്രീധര മൂര്‍ത്തി, ഐഎസ്ആര്‍ഒ സാറ്റലൈറ്റ് സെന്റര്‍ മുന്‍ ഡയറക്ടര്‍ കെ.എന്‍.ശങ്കര എന്നിവര്‍ക്കെതിരെയാണു നടപടിയെടുത്തത്. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സും ദേവാസ് മള്‍ട്ടി മീഡിയയും 2005 ജനുവരി 28ന് ഒപ്പുവച്ച കരാറാണു വിവാദമായത്. സ്വകാര്യ കമ്പനിക്ക് 70 മെഗാഹെട്‌സ് എസ് ബാന്‍ഡ് സ്‌പെക്ട്രം 1000 കോടി രൂപയ്ക്കു നല്‍കാനുള്ളതായിരുന്നു കരാര്‍. ഐഎസ്ആര്‍ഒ വിക്ഷേപിക്കാനിരിക്കുന്ന രണ്ട് ഉപഗ്രഹങ്ങളിലെ 90% ട്രാന്‍സ്‌പോണ്ടറുകള്‍ ദേവാസിനു നല്‍കാനായിരുന്നു വ്യവസ്ഥ. രണ്ടു ലക്ഷം കോടി രൂപ വാണിജ്യമൂല്യമുള്ള കരാര്‍ തുച്ഛമായ തുകയ്ക്കു നല്‍കിയെന്നാണ് ആരോപണം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം