അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) യുടെ പ്രത്യേക നിരീക്ഷക സംഘം ഇറാനില്‍

January 29, 2012 രാഷ്ട്രാന്തരീയം

ടെഹ്‌റാന്‍: ഇറാനിലെ ആണവ പരിപാടിയെക്കുറിച്ച് മനസ്സിലാക്കാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) യുടെ പ്രത്യേക നിരീക്ഷക സംഘം ഇറാനിലെത്തി. മൂന്നു ദിവസമാണ് സന്ദര്‍ശനം. ഇറാന്റെ ആണവ പരിപാടികള്‍ സംബന്ധിച്ച് പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക കനത്ത സാഹചര്യത്തിലാണിത്. ഐ.എ.ഇ.എ ചീഫ് ഇന്‍സ്‌പെക്ടര്‍ ഹെര്‍മന്‍ നാക്കേര്‍ട്‌സിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഇറാനിലെത്തിയത്. ആണവപരിപാടികള്‍ തുടരുമെന്ന് പ്രഖ്യാപിച്ച് മുന്നോട്ടു നീങ്ങുന്ന ഇറാന്‍ 2003-നു ശേഷം ഇതാദ്യമായി യു.എന്‍. സംഘവുമായി ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏജന്‍സിയുടെ ചോദ്യങ്ങള്‍ക്ക് ഇറാന്‍ മറുപടി നല്‍കണമെന്ന് ഐ.എ.ഇ.എ ഡയറക്ടര്‍ ജനറല്‍ യുകിയ അമാനോ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആണവായുധം വികസിപ്പിക്കുന്നുവെന്ന ആരോപണം ഇറാന്‍ നിഷേധിച്ചു.

ഇറാന്റെ ആണവ പദ്ധതികള്‍ ആണവായുധം നിര്‍മ്മിക്കാനാണന്ന ശത്രുക്കളുടെ ആരോപണങ്ങള്‍ ഈ പരിശോധനയിലൂടെ അവസാനിക്കുമെന്ന് ഐ.എ.ഇ.എയിലെ ഇറാന്‍ അമ്പാസിഡര്‍ അസ്ഗര്‍ സോള്‍ട്ടാനിയെ പറഞ്ഞു. ആണവ പദ്ധതിയെക്കുറിച്ച് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയും സഖ്യരാജ്യങ്ങളും ഇറാനുമേല്‍ സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തിലാണ് ആണവോര്‍ജ്ജ ഏജന്‍സിയുടെ സന്ദര്‍ശനം. ആയുധങ്ങള്‍ നിര്‍മിക്കുകയാണ് ഇറാന്റെ ഉദ്ദേശ്യമെന്ന് അമേരിക്ക ആരോപിക്കുമ്പോള്‍ സമാധാനാവശ്യങ്ങള്‍ക്കാണ് പദ്ധതിയെന്നാണ് ഇറാന്റെ വിശദീകരണം.

ഇറാനിലെ മൂന്നാമത്തെ വലിയ ബാങ്കായ തെജരാത്തിനെയും അനുബന്ധ ധനകാര്യസ്ഥാപനമായ ട്രേഡ് കാപ്പിറ്റല്‍ ബാങ്കിനെയും യു.എസ്. കഴിഞ്ഞ ദിവസം കരിമ്പട്ടികയില്‍പെടുത്തിയിരുന്നു. ഇറാന്റെ ആണവപരിപാടിയെ സഹായിക്കുന്നുവെന്നാരോപിച്ചാണ് ഈ നടപടി. ഇതുവരെയായി ഇറാനുമായി ബന്ധപ്പെട്ട 23 സ്ഥാപനങ്ങള്‍ക്ക് നേരെ അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് യൂറോപ്യന്‍ യൂണിയനും (ഇ.യു.) വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇറാനിലെ കേന്ദ്ര ബാങ്കിന്റെ ആസ്തികള്‍ മരവിപ്പിക്കുന്നതടക്കമുള്ള മറ്റു ചില സാമ്പത്തിക ഉപരോധങ്ങള്‍ കൂടി ഇ.യു. പ്രഖ്യാപിച്ചിട്ടുണ്ട്.  എണ്ണ ഇറക്കുമതി വിലക്കിയ ഇ.യു. നടപടിയോട് ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തങ്ങളുടെ എണ്ണ വ്യാപാരത്തിന് തടസ്സമുണ്ടാക്കിയാല്‍ ലോകത്തെ എണ്ണ ഗതാഗതത്തിന്റെ മര്‍മപാതയായ ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് ഇറാന്‍ നേരത്തേ ഭീഷണി മുഴക്കിയിരുന്നു. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ജൂലായ് ഒന്നോടെ പൂര്‍ണമായി നിര്‍ത്താനാണ് 27 അംഗരാജ്യങ്ങളിലെ വിദേശമന്ത്രിമാരുടെ യോഗത്തിലുണ്ടായ തീരുമാനം. ഇറാനുമായി പുതിയ എണ്ണക്കരാറുകളുണ്ടാക്കുന്നത് അടിയന്തര പ്രാബല്യത്തോടെ നിര്‍ത്തിവെച്ചു. നിലവിലുള്ള കരാറുകള്‍ മാനിക്കുന്നതിനാണ് ജൂലായ് ഒന്നുവരെ സമയപരിധിവെച്ചത്. ഇറാനില്‍ നിന്നുള്ള ഇന്ധനവരവ് നിലച്ചാല്‍ പ്രതിസന്ധിയിലാവുന്ന ഗ്രീസ് പോലുള്ള പ്രാരാബ്ധ രാജ്യങ്ങളുടെ ആവശ്യം കണക്കിലെടുത്തുകൂടിയാണിത്. ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്നുള്ള എണ്ണയുടെ വലിയ ഉപഭോക്താവാണ് യൂറോപ്യന്‍ യൂണിയന്‍.

അതേസമയം, ഇറാന്റെ ഭൂഗര്‍ഭ ആണവ സംവിധാനങ്ങളെ പാടേ നശിപ്പിക്കുന്ന 13.6 ടണ്‍ വലിപ്പമുള്ള പരമ്പരാഗത ബങ്കര്‍ നശീകരണ ബോബ് യു.എസ്. സജ്ജമാക്കുന്നതായി റിപ്പോര്‍ട്ട്. യു. എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം