കൊച്ചി-ബാംഗ്ലൂര്‍ വാതക പൈപ്പ് ലൈനിന് അനുമതിയില്ല

January 29, 2012 ദേശീയം

ന്യൂഡല്‍ഹി: നിര്‍ദ്ദിഷ്ട കൊച്ചി-ബാംഗ്ലൂര്‍ വാതക പൈപ്പ് ലൈനിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു. പൈപ്പ് ലൈന്‍ കടന്നു പോകുന്ന പാലക്കാട് ജില്ലയിലെ കൂറ്റനാട് വനമേഖലയെച്ചൊല്ലി കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് മന്ത്രാലയത്തിന്റെ ഈ നടപടി.  പുതുവൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്ന് ബാംഗ്ലൂരിലേക്കും മംഗലാപുരത്തേക്കും പൈപ്പ് വഴി പ്രകൃതി വാതകം എത്തിക്കാനുദ്ദേശിച്ചുള്ളതാണ് പദ്ധതി. പൈപ്പ് ലൈന്‍ കടന്നു പോകേണ്ട വന ഭൂമിയുടെ ഉടമസ്ഥതയെച്ചൊല്ലിയാണ് കേസുകള്‍ നിലനില്‍ക്കുന്നത്.

പാലക്കാട് ജില്ലയിലെ കൂറ്റനാട് നിന്നാണ് പൈപ്പ് ലൈന്‍ ബാംഗ്ലൂരിലേക്കും മംഗലാപുരത്തേക്കും തിരിയുന്നത്. കൊച്ചി-ബാംഗ്ലൂര്‍-മംഗലാപുരം വാതകപൈപ്പ് ലൈനിന്റെ മൊത്തം നീളം 1168 കിലോമീറ്റര്‍ വരും. മൂന്ന് സംസ്ഥാനങ്ങളിലെ 15 ജില്ലകളിലൂടെ കടന്നുപോവുന്ന പൈപ്പ്‌ലൈനിന്റെ നിര്‍മാണച്ചെലവ് 3263 കോടി രൂപയാണ്. 2012 ഡിസംബറോടെ പദ്ധതി കമ്മീഷന്‍ ചെയ്യാനായിരുന്നു പദ്ധതി. പുതുവൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നാണ് വാതകം വിതരണം ചെയ്യുക.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം