പാദപൂജ

January 29, 2012 ഗുരുവാരം

സ്വാമി സത്യാനന്ദ സരസ്വതി
ശ്രദ്ധാത്രൈവിധ്യം
ശ്രദ്ധ – ഉപാസനയ്ക്ക്
യോഗമാര്‍ഗമേതായാലും ശ്രദ്ധയെ നിരാകരിക്കാനാവുകയില്ല. കര്‍മയോഗം, ജ്ഞാനയോഗം, ഭക്തിയോഗം, ഹഠയോഗം തുടങ്ങിയുള്ള പ്രധാന യോഗസിദ്ധാന്തങ്ങള്‍ ശ്രദ്ധയെ പിന്‍തള്ളി നിലനില്‍ക്കുകയില്ല. ”ശ്രദ്ധാ വാന്‍ ലഭതേ ജ്ഞാനം” എന്നും ”ശ്രദ്ധാ വിരഹിതം യജ്ഞം താമസം” എന്നും മുന്‍പേ വിവരിച്ചത് ഇവിടെ സ്മരണീയമാണ്. ഭക്തി ഭക്തിയോഗത്തിലായാലും രാജയോഗഹഠായോഗങ്ങളിലലായാലും പരിശീലനത്തില്‍ ശ്രദ്ധയ്ക്കുള്ള സ്ഥാനം പ്രധാനമാണ്. അധ്യാത്മരാമായണത്തില്‍ ക്രിയാമാര്‍ഗോപദേശത്തില്‍ (കിഷ്‌കിന്ധാകാണ്ഡം) ഭക്തന്‍ ചെയ്യേണ്ടതെന്താണെന്ന് ഉപദേശിക്കുന്നുണ്ട്. ക്രിയാമാര്‍ഗങ്ങളെന്തെല്ലാമെന്ന് വിവരിച്ചുകൊണ്ട് രാമന്‍ ലക്ഷ്മണനുപദേശിക്കുന്നത് ശ്രദ്ധയുടെ പ്രാധാന്യത്തെ വ്യക്തമാക്കുന്നതാണ്. ഭഗവാനെ പൂജിക്കുന്നതിനുള്ള വിധാനങ്ങള്‍ എണ്ണമറ്റതാണെന്നുള്ളതാണ് ക്രിയാമാര്‍ഗോപദേശം സൂചിപ്പിക്കുന്നത്. ഓരോരുത്തര്‍ക്കും അര്‍ഹമായമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് അതു നിര്‍ദേശിക്കുന്നു.

”ആചാര്യനോട് മന്ത്രം കേട്ടു സാദര
മാചാരപൂര്‍വമാരാധിയ്കാമെടോ” എന്നുള്ളതിലൂടെ ആചാര്യന്റെ പ്രാധാന്യത്തെയും വിവരിച്ചിരിക്കുന്നു. ഹൃദ്കമലം, അഗ്നിഭഗവാന്‍, മുഖ്യപ്രതിമകള്‍, സ്ഥണ്ഡിലം (പൂജയ്ക്കുവേണ്ടി ശുദ്ധീകരിച്ച സ്ഥലം, മെഴുക്കല്‍), സാളഗ്രാമം എന്നിങ്ങനെ പൂജയ്ക്ക് യോഗ്യമായ ഉപാധികളെ നിര്‍ദേശിച്ചിട്ട് ദേഹശുദ്ധി, സന്ധ്യാവന്ദനം, നിത്യകര്‍മങ്ങള്‍, സങ്കല്പശുദ്ധി, ആത്മനിഷ്ഠ എന്നീ പ്രകാരം പാലിക്കപ്പെടേണ്ടവ ഉപദേശിച്ചുകഴിഞ്ഞശേഷം
”മുമ്പിലേ സര്‍വപൂജാദ്രവ്യമായവ
സമ്പാദനം ചെയ്തുവേണം തുടങ്ങുവാന്‍” എന്നും നിര്‍ദേശിക്കുന്നു. എന്നാല്‍ എല്ലാ സംഭരണങ്ങളുടെയും ഉപാധികളുടേയും പ്രാധാന്യത്തെ അതിജീവിച്ചുകൊണ്ട് ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ വാക്കുകള്‍ ഭക്തജനങ്ങളുടെ സങ്കല്പത്തെ നയിക്കുന്നത് ശ്രദ്ധയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ്.
”ശ്രദ്ധയോടുകൂടി വാരിയെന്നാകിലും
ഭക്തനായുള്ളവന്‍ തന്നാലതിപ്രിയം”. ഉപാസനാമാര്‍ഗത്തില്‍ ഉപാധികള്‍ക്കോ ശാസ്‌ത്രോക്തങ്ങളായ മറ്റനുഷ്ഠാനവിധികള്‍ക്കോ ഉള്ളതില്‍കവിഞ്ഞ് പ്രാധാന്യം ശ്രദ്ധയ്ക്കാണു കല്പിച്ചിരിക്കുന്നത്. അവതാരവരേണ്യന്മാരും ധര്‍മസ്വരൂപികളുമായ ഭഗവാന്‍ ശ്രീരാമചന്ദ്രനും ശ്രീകൃഷ്ണപരമാത്മാവും ശ്രദ്ധയ്ക്ക് നല്‍കിയിരിക്കുന്ന പ്രാധന്യം ജാതിമതവര്‍ഗവര്‍ണവിവേചനമന്യേ പ്രാധാന്യമര്‍ഹിക്കുന്ന തത്ത്വമായിത്തീര്‍ന്നിരിക്കുന്നു.
ശ്രദ്ധയില്ലാതെ വിശിഷ്ടവസ്തുക്കളും ഭോജ്യങ്ങളുമര്‍പ്പിച്ചാലുള്ള പ്രയോജനരാഹിത്യം കാണിക്കുന്നതിനാണ് പച്ചവെള്ളമാണ് നല്‍കുന്നതെങ്കിലും അത് ”ശ്രദ്ധ”യായി വേണമെന്നെടുത്തു പറഞ്ഞത്. ഭക്തനായുള്ളവന്‍ തന്നാലതിപ്രിയ’ മെന്നു പറയുന്നതിലൂടെ ഭക്തിയുടെ പ്രാധാന്യത്തെ നിര്‍ദേശിക്കുകയും ഈശ്വരനിലര്‍പ്പിക്കപ്പെട്ട ശ്രദ്ധ വ്യതിചലിപ്പിക്കാതെ പുലര്‍ത്തുന്നതാണ് ഭക്തിയെന്നു സൂചിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഈശ്വരനില്‍ ശ്രദ്ധയര്‍പ്പിക്കാതെ ഭക്തി സാധ്യമാകുന്നില്ല.
”ആഗമോക്തപ്രകാരേണ നീരാജനൈര്‍ ധൂപദീപൈര്‍ നിവേദൈ്യര്‍ ബഹുവിസ്തരൈഃ
ശ്രദ്ധയാനിത്യമര്‍ചിച്ചു കൊള്ളുകില്‍
ശ്രദ്ധ യാ ഞാനും ഭുജിക്കുമറിക നീ” – എന്നു കാണുന്ന ഭഗവാന്റെ വാക്കുകള്‍ ശ്രദ്ധയെത്തന്നെ വീണ്ടും ഉപദേശിക്കുന്നു. ഉപാസ്യനായ ഭഗവാന്‍ ഉപാസനയുടെ ഉപാധിഭേദങ്ങളെ പുറന്തള്ളിക്കൊണ്ട് ഭക്തന്റെ ശ്രദ്ധയെയാണ് ആവശ്യപ്പെടുന്നത്. ശ്രദ്ധാപൂര്‍വമുള്ള നിവേദനം ശ്രദ്ധയോടുകൂടി സ്വീകരിക്കുമെന്നു പറയുന്നതില്‍ അന്തര്‍ലീനമായിരിക്കുന്ന ഏകത്വം ശ്രദ്ധിച്ചുതന്നെ മനസ്സിലാക്കേണ്ടതാണ്. അര്‍ച്ചിക്കുന്നതിലുള്ള ഭക്തന്റെ ശ്രദ്ധയും സ്വീകരിക്കുന്നതിലുള്ള ഭഗവാന്റെ ശ്രദ്ധയും ഏകീകരിക്കുമ്പോഴാണ് പൂജാഫലം സിദ്ധിക്കുന്നത്.
ബാലിവധം കഴിഞ്ഞ് മുറവിളികൂട്ടുന്ന താരയ്ക്ക് ഭഗവാന്‍ നല്‍കുന്ന ഉപദേശത്തിലും ശ്രദ്ധയുടെ പ്രാധാന്യം മുന്നിട്ടു നില്‍ക്കുന്നു.
”യാതൊരിക്കല്‍ നിജപുണ്യവിശേഷേണ
ചേതസി സല്‍സംഗതി ലഭിച്ചീടുന്നു
മല്‍ഭക്തനായ ശാന്താത്മാവിനു പുന-
രപ്പോളവന്‍മതി മദ്വിഷയാ ദൃഢം
ശ്രദ്ധയുമുണ്ടാം കഥാ ശ്രവണേ മമ
ശുദ്ധസ്വരൂപ വിജ്ഞാനവും ജായതേ” – ഭക്തന് സിദ്ധിക്കേണ്ട സ്വരൂപവിജ്ഞാനം ഉപാസനാമാര്‍ഗത്തില്‍ ഉപാധിസഹിതമായി ആരംഭിക്കുന്നു. എന്നാല്‍ ശ്രദ്ധാപൂര്‍വമുള്ള ഉപാസനകൊണ്ട് ഉപാസകനും ഉപാസ്യവും താദാത്മ്യം പ്രാപിക്കുന്നു. ഈശ്വരസ്വരൂപവും ആത്മസ്വരൂപവും രണ്ടല്ലാതായിത്തീരുന്നു. ‘ശുദ്ധസ്വരൂപ വിജ്ഞാനവും ജായതേ” എന്നു ഭഗവാന്റെ വാക്കുകളില്‍ത്തന്നെ പ്രസന്നമായിക്കാണുന്ന സങ്കല്പം ശ്രദ്ധയെ ആദരിച്ചുണ്ടായതാണ്. ശ്രദ്ധാപൂര്‍വമുള്ള ഭഗവല്‍കഥാശ്രവണം കൊണ്ട് സ്വരൂപ വിജ്ഞാനം ലഭിക്കുമെന്നുള്ള വിശ്വാസം ഉപാസകന് ആശ്വാസം പകരുന്നതാണ്. മറ്റുപാധികളൊന്നും കൂടാതെ ഭഗവാന്റെ രൂപസ്മൃതിയില്‍ വിലയം പ്രാപിക്കുന്ന ഭക്തന്റെ ആത്മാവ് സ്വരൂപവിജ്ഞാനം അനുഭവിക്കുന്നു. പുണ്യവിശേഷംകൊണ്ടുള്ള സല്‍സംഗതി, ഭക്തന്‍, ശാന്താത്മാവ്, എന്നീ വിശേഷണങ്ങളെല്ലാം ശ്രദ്ധാപൂര്‍വമുള്ള ഉപാസനയുടെ പ്രജ്ഞാവിശേഷംകൊണ്ട് ലഭിക്കാവുന്നതാണ്.
ഗുരുനാഥന്റെ ഉപദേശം ശ്രദ്ധാപൂര്‍വം സ്വീകരിക്കുന്നതും ഉപാസനാമാര്‍ഗത്തില്‍ അനുഷ്ഠിക്കുന്നതും സാധകന്റെ ലക്ഷ്യപ്രാപ്തിയ്ക്ക് ആവോളം മതിയാകുന്നതാണ്. എന്നാല്‍ വേദാദിമഹാഗ്രന്ഥങ്ങളേയും മറ്റുപുരാണങ്ങളേയും തള്ളിക്കളയുന്നത് ഉപാസകന് അഹന്ത വര്‍ദ്ധിക്കുവാന്‍ കാരണമായിത്തീരും. അതൊഴിവാക്കാനാണ് ഉപനിഷത്ത് പ്രത്യേകം ശ്രദ്ധപതിപ്പിക്കുന്നത്. ഗുരുപദേശം ലഭിച്ചാലും ഉത്കൃഷ്ടഗ്രന്ഥങ്ങളില്‍ അവജ്ഞയോ അവഗണനയോ വരരുത്. ഈശ്വരാഭിമുഖമായ ശ്രദ്ധയാണ് മതി. ”ശ്രദ്ധാ യാ സാ മതിര്‍ ഭവേത്” എന്നു ഉപനിഷത്തിലും ”മതി മദ്വിഷയാ ദൃഢം” എന്ന താരോപദേശത്തിലും പറഞ്ഞിരിക്കുന്നത് ശ്രദ്ധയ്ക്ക് പ്രാധാന്യം കൊടുക്കുന്നതോടൊപ്പം അധ്യാത്മഗ്രന്ഥങ്ങളില്‍ അശ്രദ്ധ വരാതിരിക്കുവാനുമാകുന്നു.
”ഓരോരോ മന്ത്ര തന്ത്രധ്യാനകര്‍മാദികളും
ദൂരെസന്ത്യജിച്ച് തന്‍ ഗുരുനാഥോപദേശാല്‍” എന്ന ശബരിയോടുള്ള നിര്‍ദേശങ്ങളില്‍ കാണുന്ന ഉപാസനാപ്രാധാന്യം ശ്രദ്ധയുടെ മഹത്വത്തെ എടുത്തു കാണിക്കുന്നു.
ധ്യാനയോഗത്തില്‍ ശ്രദ്ധാഭക്തിസമന്വിതമായ ധ്യാനം മുമുക്ഷുക്കള്‍ക്ക് മുക്തിഹേതുകമാണെന്ന് ശ്രീശങ്കരഭഗവദ്പൂജ്യപാദര്‍ പ്രസ്താവിച്ചിട്ടുണ്ട്.
ശ്രദ്ധാഭക്തിധ്യാനയോഗാന്‍ മുമുക്ഷോര്‍
മുക്തേര്‍ ഹേതുന്‍ വക്തി സാക്ഷാച്ഛ്രുതേര്‍ഗീഃ” – ‘വേദവാക്യമനുസരിച്ച് ശ്രദ്ധ, ഭക്തി, ധ്യാനം, യോഗം, ഇവ മുക്തിക്കുള്ള യഥാര്‍ത്ഥകാരണങ്ങളാകുന്നു. വിവേകചൂഡാമണിയില്‍ ഇങ്ങനെ കാണിച്ചിട്ടുള്ള ശ്രദ്ധയുടെ പ്രാധാന്യം കൈവല്യോപനിഷത്തിലെ രണ്ടാംമന്ത്രത്തിലും കാണുന്നു. ‘ശ്രദ്ധാഭക്തി ധ്യാനയോഗാദവേഹി” – ബ്രഹ്മാവ് ആശ്വലായനനോട് പറയുന്നതാണിത്. പരമമായ അധ്യാത്മ തത്വം ഗ്രഹിക്കുവാന്‍ ശ്രദ്ധ, ഭക്തി, ധ്യാനം, യോഗം ഇവ ഒരേപോലെ ആവശ്യമാണെന്ന് ബ്രഹ്മാവ് ആശ്വലായനനെ ഉപദേശിക്കുന്നു. ഇങ്ങനെ ഉപനിഷദ് വാക്യങ്ങളിലും മറ്റ് ആചാര്യവചനങ്ങളിലും ശ്രദ്ധയുടെ പ്രാധാന്യം സര്‍വപ്രധാനമായി കാണുന്നുണ്ട്. ഇവിടങ്ങളിലെല്ലാം പ്രതിപാദിക്കപ്പെട്ടത് സാത്വികീശ്രദ്ധയാണെന്ന് പ്രത്യേകം സ്മരിക്കേണ്ടതാണ്. ശ്രദ്ധാവൈരാഗ്യാദിയെപ്പറ്റിയുള്ള പതജ്ഞലിമഹര്‍ഷിയുടെ വചനം നേരത്തെ പ്രസ്താവിച്ചിട്ടുണ്ടല്ലോ.

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം