സ്‌കൈസിറ്റി പദ്ധതിക്കു വ്യവസായവകുപ്പിന്റെ അനുമതിയായി

February 1, 2012 കേരളം

കൊച്ചി:കൊച്ചിയിലെ സ്‌കൈസിറ്റി പദ്ധതിക്കു വ്യവസായ വകുപ്പിന്റെ അനുമതി. കുണ്ടന്നൂര്‍ മുതല്‍ സഹോദരന്‍ അയ്യപ്പന്‍ റോഡ് വരെ ചെലവന്നൂര്‍ ബണ്ട് റോഡിനും കായലിനും മുകളിലൂടെയുള്ള ഒരു ഘട്ടവും സഹോദരന്‍ അയ്യപ്പന്‍ റോഡ് മുതല്‍ സുഭാഷ് ചന്ദ്രബോസ് റോഡ് വരെയുള്ള അടുത്ത ഘട്ടവും അടങ്ങുന്ന ഭൂമിക്കും കായലിനും മുകളിലുള്ള ഫ്‌ളൈഓവര്‍ നിര്‍മാണമാണു പദ്ധതിയിലൂടെ ലക്ഷ്യമിട്ടിട്ടുള്ളത്. യശോറാം ഇന്‍ഫ്രാ ഡവലപ്പേഴ്‌സ് െ്രെപവറ്റ് ലിമിറ്റഡ് 2007 ഒക്ടോബര്‍ 15നു നല്കിയ പദ്ധതിക്കാണ് ഏറെ വിവാദങ്ങള്‍ക്കും രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കും ശേഷം കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിനു വ്യവസായവകുപ്പ് ഉപാധികളോടെ അനുമതി നല്കിയത്.

പദ്ധതിക്കാവശ്യമായ കായലിനു മുകളിലുള്ള സ്ഥലം 99 കൊല്ലത്തെ പാട്ടത്തിനായിരിക്കും നല്കുക. 51 ശതമാനം ഓഹരി യശോറാം ഇന്‍ഫ്രാ ഡവലപ്പേഴ്‌സ് െ്രെപവറ്റ് ലിമിറ്റഡിനും 26 ശതമാനം ഓഹരി സര്‍ക്കാരിനും 23 ശതമാനം ഓഹരി നാട്ടുകാര്‍ക്കും ആയിരിക്കും. സര്‍ക്കാര്‍ ഓഹരിയായ 26 ശതമാനത്തില്‍ 11 ശതമാനം സൌജന്യ ഓഹരിയും 15 ശതമാനം സര്‍ക്കാരും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും ചേര്‍ന്നു വാങ്ങും. പദ്ധതിയുടെ മേല്‍നോട്ടത്തിന് ഉപദേശക സമിതിയുണ്ടാകും. പദ്ധതി യാഥാര്‍ഥ്യമായാല്‍ അതില്‍നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം കായല്‍ ശുദ്ധീകരിക്കുന്നതിനും പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കും.

ഊര്‍ജവും വെള്ളവുമടക്കമുള്ള സൗകര്യങ്ങള്‍ പ്രകൃതി സൗഹൃദമായ മാര്‍ഗങ്ങളിലൂടെ കണ്ടെത്തണം. ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചാല്‍ രണ്ടുവര്‍ഷം കൊണ്ടു പദ്ധതി പൂര്‍ത്തിയാക്കണം. അങ്ങനെ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പദ്ധതി പരിഷ്‌കരിക്കുന്നതിനോ പുതിയ നടത്തിപ്പുകാരെ കണ്ടെത്തുന്നതിനോ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കും.

ആവശ്യമായ അനുമതികള്‍ കാലാകാലങ്ങളില്‍ ലഭിക്കാന്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുമെന്നും വ്യവസായവകുപ്പ് സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മ ഒപ്പിട്ടിട്ടുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു.ഭൂമിക്കും കായലിനും മുകളില്‍ 30 അടി ഉയരത്തിലുള്ള ഫ്‌ളൈഓവറിലെ സ്‌കൈസിറ്റിയില്‍ നക്ഷത്രസമാനമായ സൗകര്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. മൂന്നുനില ഷോപ്പിംഗ് കോംപ്‌ളക്‌സ്, സിനിമാശാല, തുണിക്കടകള്‍, ബാങ്കുകള്‍, 7,500 കാറുകള്‍ക്കു പാര്‍ക്കിംഗ് സൌകര്യം തുടങ്ങിയവയും ഇവയില്‍പ്പെടുന്നു.

2006ല്‍ പദ്ധതി രൂപരേഖ തയാറാക്കിയപ്പോള്‍ 467 കോടി രൂപയാണു ചെലവു പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു പദ്ധതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ രാഷ്ട്രീയ കോലാഹലങ്ങള്‍ ഉണ്ടായിരുന്നു. 46 ചതുരശ്ര കിലോമീറ്റര്‍ കായലിനെ മറയ്ക്കും, പ്രത്യേക സാമ്പത്തിക മേഖല നിയമങ്ങളെ ലംഘിക്കും തുടങ്ങിയ ആരോപണങ്ങളും വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ കേരളത്തിലെ ജനങ്ങളില്‍ 99 ശതമാനം പേരും പദ്ധതിക്ക് അനുകൂലമായിരുന്നുവെന്നു യശോറാം എംഡി എ.ആര്‍.എസ്. വാധ്യാര്‍ പറഞ്ഞു. ചില ആളുകള്‍ മാത്രമാണു പദ്ധതിക്ക് എതിരായിട്ട് ഉണ്ടായിരുന്നത്. അത് എവിടെയും ഉണ്ടാകുമല്ലോ? പദ്ധതിക്കുവേണ്ടി ഒരു തുണ്ടു ഭൂമിപോലും നികത്തേണ്ടിവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം