ശബരിമല: നടപ്പന്തലിന് രണ്ടാംനില ഉടന്‍ പൂര്‍ത്തീകരിക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനമായി

February 1, 2012 കേരളം

തിരുവനന്തപുരം: വരുന്ന മണ്ഡലക്കാലത്തിനു മുമ്പ് സന്നിധാനം നടപ്പന്തലിന്റെ രണ്ടാം നിലയുടെ പണി പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല ഉന്നതതലയോഗത്തില്‍ തീരുമാനമായി. 27 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി സ്‌പോണ്‍സര്‍ഷിപ്പ് അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനിച്ചത്. പമ്പയിലേക്കെത്തുന്ന പ്രധാനപ്പെട്ട റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ നടത്തും. 74 കിലോമീറ്റര്‍ റോഡിനാണ് ‘ഹെവി മെയിന്റനന്‍സ്’ ടെന്‍ഡര്‍ നല്‍കുന്നത്. 58.45 കോടി രൂപ ഇതിനായി നീക്കിവെച്ചിട്ടുണ്ട്. അഞ്ചുവര്‍ഷത്തെ പരിപാലനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം കോടിക്കണക്കിന് രൂപ ചെലവിട്ട് നിരവധി പദ്ധതികളാണ് സ്‌പോണ്‍സര്‍ഷിപ്പടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുക. നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളില്‍ ചിലത് അഡീഷണല്‍ ചീഫ്‌സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും അടുത്ത മണ്ഡലവ്രതക്കാലത്തിനു മുമ്പ് പൂര്‍ത്തീകരിക്കുക. എരുമേലി വികസനം സംബന്ധിച്ച് മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായുള്ള പ്രോജക്ട് റിപ്പോര്‍ട്ട് ഒരു മാസത്തിനകം തയ്യാറാക്കി സമര്‍പ്പിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

പ്രധാന പദ്ധതികള്‍ താഴെ പറയുന്നു:-

  • പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്ക് പുതിയ കുടിവെള്ള പദ്ധതി. നിലവിലുള്ള കുടിവെള്ള പൈപ്പ് ലൈനുകള്‍ക്ക് സമാന്തരമായാണ് വേറെ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുക. ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ തുടങ്ങും.
  • സന്നിധാനത്ത് പുതിയ സ്വീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്. ഏപ്രിലില്‍ ടെന്‍ഡര്‍. പമ്പയിലെ സ്വീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കും. മാര്‍ച്ചില്‍ ടെന്‍ഡര്‍ പമ്പ മുതല്‍ മരക്കൂട്ടം വരെ നടപ്പന്തല്‍. രണ്ട് പുതിയ ക്യൂ കോംപ്ലക്‌സുകള്‍. നിലവിലുള്ളവയുടെ പണി ഉടന്‍ പൂര്‍ത്തീകരിക്കും.
  • 12 കോടി രൂപ ചെലവില്‍ പുതിയ അപ്പം, അരവണ പ്ലാന്റ് സന്നിധാനത്ത് സ്ഥാപിക്കും. വനം വകുപ്പിന്റെ അനുമതിയോടെ കുന്നാര്‍ ഡാമിന്റെ ശേഷി വര്‍ധിപ്പിക്കും.
  • അഞ്ചു കോടി രൂപ ചെലവില്‍ വൈദ്യുതി എത്താത്ത കാനനവഴികളില്‍ കൂടുതല്‍ അസ്‌ക ലൈറ്റുകള്‍.
  • നിലയ്ക്കലില്‍ വനംവകുപ്പിന്റെ അനുമതിയോടെ ഹെലിപ്പാഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി സജ്ജമാക്കും.
  • വണ്ടിപ്പെരിയാര്‍മൗണ്ട് എസ്‌റ്റേറ്റ് സത്രം റോഡ് വീതികൂട്ടും. ഇതുവഴി അടുത്ത സീസണില്‍ കെ.എസ്.ആര്‍ടി.സി സര്‍വീസ് നടത്തും.
  • കഴിഞ്ഞ സീസണില്‍ ‘പോലീസ് മെസ്’ മലിനമായ സാഹചര്യത്തില്‍ ഇതിനായി വേറെ സ്ഥലം നല്‍കും. പോലീസ് വകുപ്പ് കെട്ടിടം നിര്‍മിക്കും.
  • നിലയ്ക്കലില്‍ പാര്‍ക്കിങ് ഗ്രൗണ്ട് വിപുലീകരിക്കും. ഏപ്രിലില്‍ പണി ആരംഭിക്കും. സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ഇതിനായി 40 കോടി രൂപ വകയിരുത്തും. കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിങ് സെന്റര്‍ ആരംഭിക്കും. പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് ആര്യങ്കാവില്‍ പുതിയ ബസ് ടെര്‍മിനല്‍ ആരംഭിക്കും.
  • കണമല പാലം നിര്‍മാണത്തിന് ഏഴു കോടി രൂപ. വനം വകുപ്പിന്റെ അനുമതി കിട്ടിയാലുടന്‍ പണി ആരംഭിക്കും. പേങ്ങാട്കടവ് പാലത്തിന് മൂന്നു കോടി രൂപ. പേരൂര്‍ചാല്‍ പാലത്തിന് 5.72 കോടി രൂപയുടെ ഭരണാനുമതി നിലയ്ക്കലിലെ ആശുപത്രി മുഴുവന്‍ സമയം പ്രവര്‍ത്തിപ്പിക്കും. കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും. പുതിയ ആശുപത്രികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സ്ഥലം നല്‍കും. കുടിവെള്ള വിതരണം വിപുലപ്പെടുത്താന്‍ പുതിയ കോംപാക്ട് മെഷീന്‍ വാങ്ങി സ്ഥാപിക്കും.

പുല്ലുമേട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് ഹരിഹരന്‍നായരുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കുമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. എരുമേലി ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട് മാസ്റ്റര്‍പ്ലാനിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് മാര്‍ച്ച് 31നകം സമര്‍പ്പിക്കും. വാട്ടര്‍ സപ്ലൈ സ്‌കീം ഉള്‍പ്പെടെ വിപുലമായ പദ്ധതികളാണിതിലുള്ളതെന്നും മന്ത്രി പറഞ്ഞു. പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ രണ്ട് മാസത്തിലൊരിക്കല്‍ അവലോകനയോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, ഇബ്രാഹിംകുഞ്ഞ്, ഗണേഷ്‌കുമാര്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, പി.ജെ. കുര്യന്‍, ആന്‍േറാ ആന്റണി, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, രാജുഎബ്രഹാം എം.എല്‍.എ, ഡി.ജി.പി ജേക്കബ് പുന്നൂസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.രാജഗോപാലന്‍ നായര്‍, അംഗങ്ങളായ കെ.വി.പദ്മനാഭന്‍, കെ.സിസിലി, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം