ലിംകയുടെ പ്രതിഭാ പുരസ്‌കാരം യേശുദാസിന്

February 1, 2012 ദേശീയം

ന്യൂഡല്‍ഹി: ഭാരതീയ സംഗീതത്തിനാണ് ഈ വര്‍ഷത്തെ ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സ് സമര്‍പ്പിച്ചത്. മഹദ്പ്രതിഭകളായി ലിംക തിരഞ്ഞെടുത്ത പത്ത് വ്യക്തികളില്‍ ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസും വയലിന്‍ വിദ്വാന്‍ എന്‍.എസ്. സുബ്രഹ്മണ്യവും മലയാളത്തിന്റെ നക്ഷത്രങ്ങളായി. ഇരുവരേയും ഡല്‍ഹിയില്‍ നടന്ന പ്രകാശനചടങ്ങില്‍ പണ്ഡിറ്റ് രവിശങ്കര്‍ പൊന്നാടയണിയിച്ചു.
ലിംക പുരസ്‌കാരവും അദ്ദേഹം സമ്മാനിച്ചു. ഗായിക ആശാ ഭോസ്‌ലെ, ഹിന്ദുസഥാനി സംഗീതജ്ഞ ശുഭ മഗ്ദല്‍ എന്നിവരേയും ചടങ്ങില്‍ ആദരിച്ചു. സംഗീതരത്‌നങ്ങളായ ഇളയരാജ, ഗുല്‍സാര്‍, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, പണ്ഡിറ്റ് ഇസ്രാജ്, ഉസ്താദ് സാക്കിര്‍ ഹുസൈന്‍ എന്നിവരും ഈ വര്‍ഷത്തെ പ്രതിഭാപട്ടം നേടി. പുതുതായി 6000 നേട്ടങ്ങളുടെ പട്ടികയുളളതാണ് ലിംകയുടെ പുതിയ പതിപ്പെന്ന് സി.ഇ.ഒ. അതുല്‍ സിങ് അറിയിച്ചു.
മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഒട്ടേറെ റെക്കോഡുകള്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ പുതിയ പതിപ്പിലുണ്ട്. മലപ്പുറം വൈക്കതിര്‍ ക്ഷേത്രത്തില്‍ ദിലീപ് ശുകപുരവും സംഘവും അവതരിപ്പിച്ച 25 മണിക്കൂര്‍ നീണ്ട മാരത്തണ്‍ തായമ്പക വാദ്യത്തിലെ വിസ്മയനേട്ടമായി. കഴിഞ്ഞ വര്‍ഷം മെയ് എട്ടിനാണ് നാദബ്രഹ്മം എന്ന പേരില്‍ തായമ്പക അരങ്ങേറിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം