രാജ്യാന്തര നാടകോല്‍സവത്തിന് ഇന്നു തുടക്കമായി

February 1, 2012 കേരളം

തൃശൂര്‍: നാലാമതു രാജ്യാന്തര നാടകോല്‍സവത്തിനു തൃശൂരില്‍ ഇന്നു തുടക്കമാകും. എട്ടു ദിവസം നീളുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 24 നാടകങ്ങള്‍ അരങ്ങിലെത്തും. സാംസ്‌ക്കാരിക വകുപ്പും സംഗീത നാടക അക്കാദമിയും ചേര്‍ന്നാണു മേള സംഘടിപ്പിക്കുന്നത്. രാജസ്ഥാനിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന മംഗനിയാര്‍ സംഗീതത്തോടെയായിരിക്കും നാടകോല്‍സവത്തിനു യവനിക ഉയരുക. തുടര്‍ന്നു കാവാലം നാരായണ പണിക്കര്‍ സംവിധാനം ചെയ്ത കാളിദാസന്റെ മാളവികാഗ്‌നിമിത്രം അരങ്ങേറും. മീറ്റ് ദ മാസ്‌റ്റേഴ്‌സ് എന്നാതാണ് ഇത്തവണത്തെ നാടകോല്‍വസത്തിന്റ വിഷയം. ഈ വിഭാഗത്തില്‍ ഷേക്‌സ്പിയര്‍, ബെര്‍നാര്‍ഡ് ഷാ, ഇബ്‌സന്‍ , കാളിദാസന്‍ തുടങ്ങിയവരുടെ നാടകങ്ങള്‍ അരങ്ങിലെത്തും. ഏഴെണ്ണം വിദേശ നാടകങ്ങള്‍. ഇറ്റലി, ഇസ്രയേല്‍, ഇംഗണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള നാടകള്‍ക്കു പുറമേ പോളണ്ട്, ലിത്വാനിയ എന്നിവിടങ്ങളില്‍ നിന്നുള്ള നാടകങ്ങളും ഇത്തവണ കാണാന്‍ അവസരമൊരുങ്ങും. ഇംഗണ്ടിലെ കെന്റ് സര്‍വകലാശാല വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നവതരിപ്പിക്കുന്ന ഇമാജിനിംഗ് ഒ, തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ബെര്‍ത്‌ഡെ പാര്‍ട്ടി എന്നിവയാണ് സൈറ്റ് സ്‌പെസിഫിക് വിഭാഗത്തിലെ പ്രധാനാകര്‍ഷണം. നാടകോല്‍സവത്തോടനുബന്ധിച്ച് സംഗീതപരിപാടികള്‍, സെമിനാറുകള്‍ ,പരാമ്പരാഗത കലാരൂപങ്ങള്‍ എന്നിവയും അവതരിപ്പിക്കും. ചലച്ചിത്ര താരങ്ങളായ അനുപം ഖേര്‍, രേവതി തുടങ്ങിയവരുടെ സാന്നിധ്യവും മേളയിലുണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം