ആറ്റുകാല്‍ ക്ഷേത്രപരിസരത്തെ റോഡുകള്‍ നവീകരിക്കാന്‍ സര്‍ക്കാര്‍ 7.5 കോടി രൂപ അനുവദിച്ചു

February 1, 2012 കേരളം

തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രപരിസരത്തെ റോഡുകള്‍ നവീകരിക്കാന്‍ സര്‍ക്കാര്‍ 7.5 കോടി രൂപ അനുവദിച്ചു. പൊങ്കാലയ്ക്കു ശേഷമുള്ള ശുചീകരണത്തിനു കോര്‍പറേഷന് ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. ആറ്റുകാല്‍ പൊങ്കാലയുടെ ക്രമീകരണങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആറ്റുകാല്‍ ഉല്‍സവത്തോടനുബന്ധിച്ച് ഉല്‍സവ മേഖലയായി പ്രഖ്യാപിച്ച പ്രദേശങ്ങളിലെ റോഡുകളുടെ വികസനത്തിനാണു തക വിനിയോഗിക്കുക. സാധാരണ നഗരസഭയാണ് ഉല്‍സവത്തിനു മുന്നോടിയായി റോഡുകള്‍ നന്നാക്കാറുള്ളത്. കോര്‍പറേഷനിലെ റോഡുകളുടെ വികസനം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതു കൊണ്ടാണു സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിച്ചത്. ഇതുപയോഗിച്ചു കോര്‍പറേഷനിലെ 18 വാര്‍ഡുകളിലെ ഇടറോഡുകള്‍ നവീകരിക്കും.

റോഡുകളുടെ നവീകരണം കോര്‍പറേഷന്റെ മേല്‍നോട്ടത്തിലായിരിക്കും നടക്കുക. നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍ പൊങ്കാലയ്ക്കു ശേഷമുള്ള ശുചീകരണം ബുദ്ധിമുട്ടായിരിക്കുമെന്നു മേയര്‍ കെ. ചന്ദ്രിക യോഗത്തില്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണു സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തത്. മന്ത്രി വി.എസ്. ശിവകുമാര്‍, വി. ശിവന്‍കുട്ടി എംഎല്‍എ, ജില്ലാ കലക്ടര്‍ കെ.എന്‍. സതീഷ് എന്നിവരും കോര്‍പറേഷന്‍ കൗണ്‍സലര്‍മാരും യോഗത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം