ആറ്റുകാല്‍ പൊങ്കാല സംബന്ധിച്ച അവലോകനയോഗം

February 2, 2012 കേരളം

ആറ്റുകാല്‍ പൊങ്കാല സംബന്ധിച്ച അവലോകനയോഗത്തില്‍ ദേവസ്വംമന്ത്രി വി.എസ് ശിവകുമാര്‍ സംസാരിക്കുന്നു.

തിരുവനന്തപുരം: ഇക്കൊല്ലം മാര്‍ച്ച് 7ന് നടക്കുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്ക് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച അവലോകന യോഗം വിവിധ വകുപ്പുതലവന്‍മാരുടെ നേതൃത്വത്തില്‍ നടന്നു. യോഗത്തില്‍ ദേവസ്വംമന്ത്രി വി.എസ്.ശിവകുമാര്‍, വ്യവസായ തദ്ദേശ ഭരണ വകുപ്പുമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, എം.എല്‍.എ വി.ശിവന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിവിധവകുപ്പുകളെ ഏകോപിപ്പിക്കുന്നതിനായി ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊങ്കാല ദിവസം നഗര ശുചീകരണപ്രവര്‍ത്തനങ്ങള്‍ 8 മണിക്കൂറിനുള്ളില്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികളും സ്വീകരിക്കും. പച്ചക്കട്ടയ്ക്കും പ്ലാസ്റ്റിക്കിനും സമ്പൂര്‍ണ്ണ നിയന്ത്രണം പൊങ്കാലയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെയും കോര്‍പ്പറേഷന്റെയും അനുമതിയോടെ മാത്രമേ സൗജന്യ ഭക്ഷണവിതരണം സാധ്യമാവുകയുള്ളൂ. അതിനാല്‍ വിതരണത്തിനുദ്ദേശിക്കുന്ന ക്ലബ്ബുകള്‍ നേരത്തേ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ജലവിതരണത്തിനായി കൂടുതല്‍ നടപടികള്‍ വാട്ടര്‍ അതോറിറ്റി സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പും ഇത്തവണ അഞ്ചോളം ക്യമ്പുകളും മറ്റുവിപുലമായ സൗകര്യങ്ങളും ക്ഷേത്രത്തിന്റെ ചുറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിവില്‍സപ്ലൈസ് 80 രൂപനിരക്കില്‍ പൊങ്കാലകിറ്റുകള്‍ വിതരണം ചെയ്യും. ക്ഷേത്രത്തിലേക്കെത്തുന്ന എല്ലാറോഡുകളുടെയും അറ്റകുറ്റപ്പണി ഈമാസം 20ന് മുമ്പ് പൂര്‍ത്തിയാക്കാനുള്ള നടപടി പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് താല്‍ക്കാലിക ടവറുകള്‍ സ്ഥാപിച്ച് മൊബൈല്‍ഫോണ്‍ സേവനങ്ങള്‍ സുഗമമാക്കും. അത്യാഹിത സഹായങ്ങള്‍ക്ക് ഫയര്‍ഫോഴ്‌സ് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കും. റെയില്‍വേ മാര്‍ച്ച് 6നും 7നും സ്‌പെഷ്യല്‍ തീവണ്ടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  പൊങ്കാലയോടനുബന്ധിച്ച് പോലീസ് 5000 ത്തോളം വരുന്ന പൊലീസുകാരുടെ സേവനം ലഭ്യമാക്കും.സിസിടിവി അടങ്ങിയ പ്രത്യേക നിരീക്ഷണവും ഷാഡോ പോലീസിന്റെ സേവനത്തോടുകൂടി കൂടുതല്‍ മെച്ചപ്പെടുത്തും. ഏകദേശം 35 ലക്ഷത്തോളം സ്ത്രീകള്‍ പൊങ്കാലയ്‌ക്കെത്തുമെന്ന് കണക്കാക്കുന്ന ഭക്തിനിര്‍ഭരമായി ദിനത്തിന് എല്ലാ ഒരുക്കങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കമെന്ന് എല്ലാവകുപ്പുകളും സഹകരിക്കണമെന്ന് ക്ഷേത്രം ജനറല്‍ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം