122 ടു ജി ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദാക്കി

February 2, 2012 ദേശീയം

* വിധിയില്‍ സന്തുഷ്ടനാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: 122 ടു ജി ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദാക്കി. എ. രാജ മന്ത്രിയായിരുന്നപ്പോള്‍ നല്‍കിയ ലൈസന്‍സുകളാണ് റദ്ദാക്കിയത്. പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് 122 ലൈസന്‍സുകള്‍ റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടത്. ടാറ്റ, ഐഡിയ, യൂണിനോര്‍, എസ് ടെല്‍, ലൂപ് ടെലികോം, സിസ്റ്റമ ശ്യാം, എത്തിസലാത്ത് ഡി.ബി, വീഡിയോകോണ്‍ തുടങ്ങിയ കമ്പനികള്‍ക്ക് അനുവദിച്ച ലൈസന്‍സുകളാണ് റദ്ദാക്കിയത്. 2 ജി ലൈസന്‍സ് ലഭിച്ചശേഷം ഓഹരികള്‍ വിറ്റഴിച്ച 2008 ജനവരിയ്ക്ക് ശേഷം 11 കമ്പനികള്‍ക്ക് അനുവദിച്ച ലൈസന്‍സുകളാണ് റദ്ദാക്കുന്നത്.
ആഭ്യന്തരമന്ത്രി പി.ചിദംബരത്തിനെതിരെ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ വിചാരണ കോടതിയ്ക്ക് തീരുമാനം എടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഈ വിഷയത്തില്‍ വിചാരണ കോടതി രണ്ടാഴ്ചയ്ക്കകം തീരുമാനം എടുക്കണം. ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് പി. ചിദംബരത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റിസുമാരായ ജി.എസ്. സിങ്‌വി, എ.കെ. ഗാംഗുലി എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്‌.
അതിനിടെ സുപ്രീം കോടതി വിധിയില്‍ സന്തുഷ്ടനാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് വലിയ പാളിച്ചയാണ് ഈ വിഷയത്തില്‍ സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിവിധി അഴിമതിക്കാര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണെന്ന് ഹര്‍ജി നല്‍കിയ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ചരിത്രപരമായ വിധിയാണ് പുറത്തുവന്നിരിക്കുന്നത്. കോര്‍പ്പറേറ്റ് മേധാവികളും പൊതുപ്രവര്‍ത്തകരും അടക്കമുള്ള ആര്‍ക്കും അഴിമതി നടത്താനാവില്ലെന്ന സന്ദേശം നല്‍കുന്നതാണ് വിധിയെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം