കരസേനാ മേധാവിയുടെ ഹര്‍ജി പരിഗണിക്കുന്നത് 10ലേക്ക് മാറ്റി

February 3, 2012 ദേശീയം

ന്യൂഡല്‍ഹി: കരസേനാ മേധാവി ജനറല്‍ എ.കെ. സിങ് ജനനത്തിയതി വിവാദത്തില്‍  നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഫിബ്രവരി 10 ലേക്ക് മാറ്റി.  ജനനത്തിയതി തിരുത്തണമെന്ന ജനറലിന്റെ ആവശ്യം നിരാകരിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാനും സര്‍ക്കാരിന്റെ നിലപാട് അറിയിക്കാനും അറ്റോര്‍ണി ജനറലിനോട് കോടതി ആവശ്യപ്പെട്ടു. കോടതിക്ക് പുറത്ത് പ്രശ്‌നം പരിഹരിക്കാന്‍ ഇരുകക്ഷികള്‍ക്കും സമയം ലഭിക്കുന്നതിനാണ് കേസ് 10 വരെ മാറ്റിവെച്ചത്.
തന്റെ ജനനത്തീയതി 1951 മെയ് പത്തായി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനറല്‍ സിങ് സുപ്രീം കോടതിയെ സമീപിച്ചത്. കരസേനയിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ജനനത്തീയതിയടക്കമുള്ള രേഖകള്‍ സൂക്ഷിക്കുന്നത് അഡ്ജുട്ടന്റ് ജനറല്‍ (എ. ജി.) വിഭാഗത്തിലാണ്. ഇവിടത്തെ രേഖകള്‍ പ്രകാരം ജനറല്‍ സിങ്ങിന്റെ ജനനത്തീയതി 1951 മെയ് പത്താണ്. എന്നാല്‍, മിലിട്ടറി സെക്രട്ടറി (എം.എസ്.) വിഭാഗത്തില്‍ ജനനത്തീയതി, സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ 1950 മെയ് പത്താണ്. ഇതേത്തുടര്‍ന്ന് ജനനത്തീയതി തിരുത്തണമെന്നാവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം എ. ജി. വിഭാഗത്തിന് കത്തയച്ചിരുന്നു.ഇതിനെതിരെയാണ് ജനറല്‍ സിങ് കോടതിയെ സമീപിച്ചത്. മെയ് പത്തിന് വിരമിക്കണമെന്ന പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെയാണ് ജന. സിങ് കോടതിയില്‍ ചോദ്യം ചെയ്തത്. 1951 മെയ് പത്താണ് സിങ്ങിന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലും മറ്റുമുള്ളത്. നാഷണല്‍ മിലിട്ടറി അക്കാദമിയില്‍ ചേര്‍ന്ന സമയത്തുള്ള രേഖ പ്രകാരം 1950 മെയ് പത്താണ് ജനനത്തീയതി. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ തീയതി തന്റെ ഔദ്യോഗിക പ്രായമായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ജനറല്‍ സിങ് നല്‍കിയ കത്ത് പ്രധാനമന്ത്രി പ്രതിരോധ മന്ത്രാലയത്തിന് അയച്ചു കൊടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം