കാശിനാഥന്‍ പാറമേക്കാവിലമ്മയുടെ ആനകളില്‍ അഞ്ചാമന്‍

February 3, 2012 ക്ഷേത്രവിശേഷങ്ങള്‍

തൃശ്ശൂര്‍: കാശിനാഥന്‍ പാറമേക്കാവിലമ്മയുടെ ആനകളില്‍ അഞ്ചാമനായി. ഇനി എഴുന്നള്ളിപ്പുകളിലും മറ്റും പാറമേക്കാവിന്റെ പ്രതിനിധിയായി കാശിനാഥനുമുണ്ടാകും.
രാവിലെ 9.30ന് വടക്കുംനാഥക്ഷേത്രം ശ്രീമൂലസ്ഥാനത്തുനിന്ന് നാദസ്വരത്തിന്റെ അകമ്പടിയോടെ കാശിനാഥനെ ആനയിച്ചുകൊണ്ടുവരികയായിരുന്നു. പാറമേക്കാവിലെ മറ്റാനകള്‍ അനുഗമിച്ചു. ക്ഷേത്രത്തിലെത്തിയ കാശിനാഥന്‍ ദേവിയെ വലംവെച്ച് തൊഴത്‌ നടയ്ക്കല്‍ വെള്ളയും കരിമ്പടവും വിരിച്ചതില്‍ ഇരുന്നു. കളഭച്ചാര്‍ത്തിനുശേഷം തന്ത്രി പുലിയന്നൂര്‍ അനുജന്‍ നമ്പൂതിരിപ്പാട് പേരുചൊല്ലിവിളിച്ചു. ഗണപതിപൂജയും ഉണ്ടായിരുന്നു. നിരവധി ഭക്തജനങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ആന്‍ഡമാനില്‍ ജനിച്ച് കേരളത്തില്‍ വളര്‍ന്ന കാശിനാഥന് 15 വയസ്സുണ്ട്. എട്ടേമുക്കാല്‍ അടി ഉയരവും.
.ദേവസ്വം വൈസ് പ്രസിഡന്റ് സതീഷ്‌മേനോന്‍, രാമചന്ദ്രപ്പിഷാരടി, വി.എം. ശശി തുടങ്ങി ദേവസ്വം ഭാരവാഹികളെല്ലാം ചടങ്ങില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍