വിളപ്പില്‍ശാല പ്ലാന്റ് തുറന്നു

February 4, 2012 കേരളം

തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യ സംസ്‌കരണ പ്ലാന്റ് തുറന്നു. എ.ഡി.എം പി.കെ ഗിരിജയുടെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം സമര സമിതിയുടെയും പഞ്ചായത്തിന്റെയും എതിര്‍പ്പ് അവഗണിച്ച്  പൂട്ട് പൊളിച്ചാണ് പ്ലാന്റ് തുറന്നത്.  തുടര്‍ന്ന് അധികൃതര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം തുടങ്ങി. നെടുമങ്ങാട് ഡി.വൈ.എസ്.പി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്ലാന്റിന്റെ പ്രവര്‍ത്തനം വിളപ്പില്‍ശാല പഞ്ചായത്ത് തടസ്സപ്പെടുത്തിയതിനെതിരെ തിരുവനന്തപുരം നഗരസഭ പോലീസ് സംരക്ഷണമാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ പോലീസ് മതിയായ സംരക്ഷണം നല്‍കണമെന്ന്   ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി.ആര്‍. രാമചന്ദ്ര മേനോനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. നഗരസഭയുടെ വിളപ്പില്‍ശാലയിലെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് പരിസര മലിനീകരണത്തെത്തുടര്‍ന്ന് പഞ്ചായത്ത് പൂട്ടിയതോടെ നഗരത്തില്‍ മാലിന്യം കുമിഞ്ഞുകൂടിയിരുന്നു. ഈ പ്രശ്‌നത്തിന്റെ ഗൗരവം നഗരസഭ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്. ഇക്കാര്യത്തില്‍ നഗരസഭയ്ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയുടെ ചോദ്യത്തിന് ഉത്തരമായി ഉറപ്പ് നല്‍കിയിരുന്നു. വിളപ്പില്‍ശാല മാലിന്യസംസ്‌കരണ ന്നാണ് ഹൈക്കോടതി ഉത്തരവ്പ്ലാന്റില്‍ പ്രതിദിനം സംസ്‌കരിക്കാവുന്നത്ര ജൈവമാലിന്യം മാത്രമേ കൊണ്ടുപോകാവൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
രാവിലെ പ്ലാന്റ് തുറക്കാനെത്തിയ പോലീസ് സംഘത്തിനുനേരെ കാര്യമായ എതിര്‍പ്പുണ്ടായില്ല. എന്നാല്‍ മാലിന്യവുമായി ലോറികള്‍ വിളപ്പില്‍ശാലയിലേക്ക് വരാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സമര സമിതി.

തിരുവനന്തപുരം

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം