ഏപ്രില്‍ ഒന്നു മുതല്‍ വൈദ്യുതിക്ക് സര്‍ചാര്‍ജ്

February 4, 2012 കേരളം

തിരുവനന്തപുരം:  ഏപ്രില്‍ ഒന്നു മുതല്‍ ആറു മാസത്തേക്കു വൈദ്യുതിക്ക് യൂണിറ്റിന് 20 പൈസ ഇന്ധന സര്‍ചാര്‍ജ് ചുമത്താന്‍ റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കി.  വൈദ്യുതി ബോര്‍ഡിനു താപവൈദ്യുതി വാങ്ങിയതിലുണ്ടായ അധിക സാമ്പത്തിക ബാധ്യത നികത്തുന്നതിനാണ് സര്‍്ച്ചാര്‍്ജ് ചുമത്തുന്നത്. എല്ലാ ഉപയോക്താക്കള്‍ക്കും ഇതു ബാധകമാണ്. ഏതെങ്കിലും വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇളവു നല്‍കുന്ന കാര്യം സര്‍ക്കാര്‍ പിന്നീട് തീരുമാനിക്കും. ഇപ്പോള്‍ 120 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്നവരില്‍നിന്നു യൂണിറ്റിന് 25 പൈസ സര്‍ചാര്‍ജ് ഈടാക്കുന്നുണ്ട്. ഈ സര്‍ചാര്‍ജ് പിരിവ് മാര്‍ച്ച് 31ന് അവസാനിക്കും. ഇതിന്റെ തുടര്‍ച്ചയായാണ് 20 പൈസ വീതം പിരിക്കുക. ഇതിലൂടെ 161 കോടി രൂപ ലഭിക്കുമെന്നു കണക്കാക്കുന്നു. 2010 ഒക്‌ടോബര്‍ മുതല്‍ 2011 മാര്‍ച്ച് വരെയുള്ള ബാധ്യത ഈടാക്കുന്നതിനാണ് ഇപ്പോള്‍ 25 പൈസ പിരിക്കുന്നത്.
സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയാലും വൈദ്യുതി ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണു പോകുന്നത്. ഈ സാമ്പത്തിക വര്‍ഷം  2100 കോടി രൂപയുടെ നഷ്ടമാണു പ്രതീക്ഷിക്കുന്നത്. തൊട്ടു മുന്‍പുള്ള മൂന്നു വര്‍ഷങ്ങളില്‍ ഏകദേശം 3500 കോടിയുടെ നഷ്ടം ഉണ്ടായി. നിരക്കു വര്‍ധിപ്പിക്കാതെ മുന്നോട്ടു പോകാനാവാത്ത സാഹചര്യമാണെന്ന് ബോര്‍ഡ് അധികൃതര്‍ പറയുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലെ നഷ്ടം നികത്തണമെങ്കില്‍ വന്‍തോതില്‍ നിരക്കു കൂട്ടേണ്ടി വരും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം