2 ജി : ചിദംബരത്തെ കൂട്ടുപ്രതിയാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി

February 4, 2012 ദേശീയം

ന്യൂഡല്‍ഹി:  ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ 2 ജി കേസില്‍ കൂട്ടുപ്രതിയാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പ്രത്യേക സി.ബി.ഐ കോടതി തള്ളി.  പ്രത്യേക കോടതി ജഡ്ജി ഒ.പി. സൈനിയാണ് വിധി പ്രസ്താവിച്ചത്. ചിദംബരത്തെ പ്രതിചേര്‍ക്കാന്‍ തക്ക തെളിവുകള്‍ ഇല്ലെന്ന് കോടതി വ്യക്തമാക്കി. സുബ്രഹ്മണ്യന്‍ സ്വാമി ഹാജരാക്കിയ തെളിവുകള്‍ പരിഗണിച്ച് ചിദംബരത്തെ പ്രതിചേര്‍ക്കാന്‍ കഴിയില്ലെന്ന് 65 പേജുകളുള്ള വിധിയില്‍ പറയുന്നു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാരനായ ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യന്‍സ്വാമി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജിയില്‍ ചിദംബരത്തിനെതിരെ ഉന്നയിച്ചുള്ള മറ്റ് ആരോപണങ്ങളില്‍ മാര്‍ച്ച് 17 ന് പ്രത്യേക കോടതി വാദം കേള്‍ക്കല്‍ തുടരും.

2008 ല്‍ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ അറിവോടെയാണ് അന്ന് എ. രാജ സ്‌പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചത് എന്ന് തെളിയിക്കാനുള്ള രേഖകള്‍ സുബ്രഹ്മണ്യന്‍ സ്വാമി കോടതിയില്‍ ഹാജരാക്കിയിരുന്നു. ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്മാര്‍ സ്‌പെക്ട്രം ലേലം നടത്തണം എന്ന് ആവശ്യപ്പെട്ടുവെങ്കിലും അതിനു വഴങ്ങാതെ ലൈസന്‍സുകള്‍ അനുവദിക്കാന്‍ ചിദംബരം കൂട്ടുനിന്നു എന്നായിരുന്നു ഹര്‍ജിയിലെ വാദം.

 

 

 

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം