മുച്ചിലോട്ടു ഭഗവതി ക്ഷേത്രത്തില്‍ പെരുങ്കളിയാട്ടത്തിനു സമാപനമായി

February 6, 2012 കേരളം

കാഞ്ഞങ്ങാട്: പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം കല്യാല്‍ മുച്ചിലോട്ടു ഭഗവതി ക്ഷേത്രത്തില്‍ നടന്ന പെരുങ്കളിയാട്ടത്തിനു സമാപനമായി. ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നുമുള്ള പതിനായിരക്കണക്കിനുഭക്തജനങ്ങളാണ് ഭഗവതി ദര്‍ശനത്തിനായി എത്തിയത്. കൊടിയിലത്തോറ്റത്തിനുശേഷം മേലേരിക്ക് അഗ്നിപകര്‍ന്നതോടെയാണ് പെരുങ്കളിയാട്ട സമാപനദിനത്തിലേക്ക് മുച്ചിലോട്ടു ക്ഷേത്രം കണ്‍തുറന്നത്. തുടര്‍ന്ന് നരമ്പില്‍ ഭഗവതി, പുല്ലൂര്‍ണന്‍, കണ്ണങ്കാട്ട് ഭഗവതി, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളും അനുഗ്രഹവര്‍ഷവുമായി അരങ്ങിലെത്തി .

ഉച്ചതിരിഞ്ഞു കോമരങ്ങളും സ്ഥാനികരും കലശംകുളിച്ച വാല്യക്കാരും മേലേരി കയ്യേറ്റതോടെയാണ് തമ്പുരാട്ടിയുടെ പുറപ്പാടിന് അരങ്ങൊരുങ്ങിയത്. മകരവെയിലിന്റെ കാഠിന്യം വകവയ്ക്കാതെ എത്തിയ ആബാലവൃദ്ധം ഭക്തരുടെ മനംനിറച്ചു മൂന്നിനാണ് അനാദൃശ സൗന്ദര്യവുമായി ഭഗവതിയുടെ വട്ടത്തിരുമുടിയുയര്‍ന്നത.് വട്ടമുടിയില്‍ ചെക്കിപ്പൂമാലയും പൊന്നിന്‍ചിലങ്കയുമണിഞ്ഞെത്തിയ
ചൈതന്യസ്വരൂപിണിയെ ദര്‍ശിക്കാന്‍ ഭക്തരുടെ അഭൂതപൂര്‍വമായ തിരക്കായിരുന്നു.

വീക്കന്‍ ചെണ്ടയുടെയും നാദസ്വരത്തിന്റെയും അകമ്പടിയോടെ തീപ്പന്തവും കൈകളിലേന്തി ചിലങ്കയുടെ ശബ്ദംപോലും കേള്‍പ്പിക്കാതെയുള്ള മുച്ചിലോട്ടു ഭഗവതിയുടെ മണങ്ങിയാട്ടം ഭക്തര്‍ക്ക് നയനാനന്ദകരമായ കാഴ്ചയായിരുന്നു. രാത്രി വൈകിയും ദേവിയെ തൊഴാന്‍ ഭക്തജനങ്ങള്‍ കാത്തുനിന്നു.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം