‘ഓം പ്രജ്ഞാനഘനരൂപിണൈ്യ നമ:’

February 7, 2012 സനാതനം

ലാല്‍ജിത്‌
മനുഷ്യജീവിതത്തെയും പ്രപഞ്ചത്തെയും കുറിച്ച് വളരെ ആഴത്തില്‍ അറിഞ്ഞ് ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും മനസ്സിലാക്കി അതിനൊരു ദിശാബോധം നല്‍കിയവരായിരുന്നു പുരാതന ഭാരതത്തിലെ സ്വതന്ത്രാന്വേഷകര്‍. പാശ്ചാത്യവിദ്യാഭ്യാസത്തിന്റെ ഉപരിപ്ലവശബളിമയില്‍ തളച്ചുപോയ ഭാരതത്തിലെ ചില ബുദ്ധിജീവികളുടെ മനസ്സ് ആ ജ്ഞാനരംഗങ്ങളെ ‘സൂപ്പര്‍സ്റ്റിഷ’ന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി അവഗണിയ്ക്കാറുണ്ടെങ്കിലും, പ്രതിഭാശാലികളായ ചില പാശ്ചാത്യ ചിന്തകര്‍ തന്നെ ആഴങ്ങളിലേക്കു തിരിക്കിച്ചെന്ന് കാര്യങ്ങള്‍ വെളിവാക്കിത്തരാറുണ്ട്. അവരുടെ വീക്ഷണങ്ങള്‍ നമ്മുടെ അജ്ഞതയെപ്പറ്റി നമ്മെ ഓര്‍മ്മിപ്പിക്കുവാനും ഒരുപക്ഷേ അതോര്‍ത്ത് നാം കുറച്ചൊന്നു ലജ്ജിക്കുവാനും ഇടവരുത്തിയേയ്ക്കാം.
കുട്ടികളെ എഴുത്തിനിരുത്തുന്നതും തുടര്‍ന്നുള്ള അവരുടെ ജ്ഞാനവികാസവുമാണല്ലോ നവരാത്രിയുടെ വിജയകരമായ പരിസമാപ്തിയോടെ ആരംഭിക്കുന്നത്. മനുഷ്യസത്തയുടെ വികാസപരിണാമത്തിനായി ഇങ്ങനെയുള്ള പ്രായോഗിക രീതികള്‍ രൂപംപൂണ്ടത് പരാതന അന്വേഷകരുടെ പ്രതിഭയില്‍ നിന്നാണ്. അവരുടെ വിജ്ഞാനരംഗത്തെക്കുറിച്ച് സാധാരണഗതിയില്‍ നാം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഭൗതികശാസ്ത്രചിന്തകനില്‍ നിന്നുവന്ന അഭിപ്രായമാണ് ഈ മാസത്തെ വിചാരവീഥിയില്‍ പ്രകാശിപ്പിക്കുന്നത്.

അതിനുമുമ്പായി, പ്രജ്ഞാനഘനരൂപിണിയായ ശ്രീമൂകാംബികാദേവിയുടെ രൂപസങ്കല്പം പ്രതിനിധാനം ചെയ്യുന്ന അര്‍ത്ഥതലങ്ങളിലേക്ക് അല്പമൊന്നു അന്വേഷിച്ചു ചെല്ലാനും ഈ പുണ്യദിനങ്ങള്‍ നല്‍കുന്ന പ്രചോദനം പ്രയോജനപ്പെടുത്താം. സൂക്ഷ്മമായ ശബ്ദബ്രഹ്മത്തില്‍നിന്നു പ്രപഞ്ചം പരിണമിച്ചുത്ഭവിച്ചതിനു കാരണമായ ഊര്‍ജ്ജസ്പന്ദനങ്ങളെ ദേവി ധരിക്കുന്ന ശംഖ് പ്രതിനിധാനം ചെയ്യുന്നു. ചക്രമാകട്ടെ പ്രപഞ്ചത്തിന്റെയും പ്രപഞ്ചപ്രതിഭാസങ്ങളുടെയും ഇടവിട്ടുള്ള ഉത്ഭവവും ലയവും എന്ന ചാക്രികതത്ത്വത്തിന്റെ സൂചനയാണ്. മാറ്റങ്ങള്‍ക്കെല്ലാം അതീതമായ, എന്നാല്‍ അവയ്‌ക്കെല്ലാം നിദാനമായ പരമോന്നത ഉണ്മയെ പ്രതിനിധാനം ചെയ്യുന്നു പ്രസന്നവദനയായ, പത്മാസനസ്ഥയായ ദേവീരൂപം. ആ പാദങ്ങളെ അഭയം പ്രാപിക്കുകയാണ് – ആത്മവികാസമാണ് – മനുഷ്യ സ്വാതന്ത്ര്യത്തിന്റെ മാര്‍ഗം എന്ന് അഭയഹസ്തം സൂചിപ്പിക്കുന്നു. പരമാത്മശക്തിയെ ആശ്രയിക്കുന്നവരുടെ അഭീഷ്ടങ്ങളെല്ലാം സാധിക്കുകയും എല്ലാ ഭയങ്ങളില്‍നിന്നും അവര്‍ വിമുക്തരാവുകയും ചെയ്യുന്നുവെന്ന തത്ത്വത്തിന്റെ പ്രതീകമാണ് അനുഗ്രഹം വര്‍ഷിക്കുന്ന അഭീഷ്ടഹസ്തം.

പ്രപഞ്ചത്തിലെ ഓരോ പരമാണുവും, ഓരോ ജീവകണവും ഒന്നായിത്തീരുന്ന രംഗത്തേയ്ക്കാണ് – അപാരസിദ്ധിവൈഭവങ്ങളുള്ള നമ്മുടെ തന്നെ ഉള്ളടക്കത്തിലേയ്ക്കാണ് – ആ രൂപം നമ്മെ ആനയിക്കുന്നത് എല്ലാം മറന്ന് ആരാധകന്‍ ഒര ദേവരൂപത്തിനുമുമ്പാകെ നില്‍ക്കുമ്പോള്‍ ആ നിമിഷം കാലാതീതമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു, അങ്ങനെ ചിത്തവൃത്തികള്‍ ഒഴിഞ്ഞു നില്‍ക്കുമ്പോള്‍ ‘അഹ’ത്തിന്റെ അതിരുകള്‍ അലിഞ്ഞ് സനാതനസത്തയെ നാം പുല്‍കുന്നു. യോഗിയില്‍ അന്തര്‍ജ്ഞാനത്തിന്റെ മേഖലകള്‍ ഉണരുന്നു, സാധാരണക്കാരന് ആത്മബന്ധം കൈവന്ന് ജീവിതഗതിയില്‍ മാര്‍ഗ്ഗദര്‍ശനം ലഭിക്കുന്നു. അത്ഭുതകരമെന്നു തോന്നുന്ന വഴിത്തിരിവുകള്‍ പലപ്പോഴും സംഭവിക്കുന്നു.
പുരാതനരായ ഋഷിപ്രതിഭകളുടെ അപാരജ്ഞാനമേഖലകളില്‍നിന്നാണ് ഈ പ്രായോഗിക ആദ്ധ്യാത്മിക മാര്‍ഗങ്ങള്‍ ആവിര്‍ഭവിച്ചത്. നേരത്തെ സൂചിപ്പിച്ചതുപോലെ സാധാരണഗതിയില്‍ പ്രതീക്ഷിക്കാനാവാത്ത ഒരു ചിന്താപദ്ധതിയില്‍നിന്ന് ഭാരതത്തിലെ ജ്ഞാനരംഗങ്ങള്‍ക്ക് ലഭിക്കുന്ന ആവേശഭരിതമായ അംഗീകാരമാണ് താഴെചേര്‍ക്കുന്നത്.

മാര്‍ക്‌സിസ്റ്റ്- ലെനിനിസ്റ്റ് ദര്‍ശനത്തിന് അടിസ്ഥാനമായ വൈരുദ്ധ്യാത്മകഭൗതിക സിദ്ധാന്തത്തെ പഴയതും പുതിയതുമായ വിവിധ തത്ത്വദര്‍ശനങ്ങളുമായി താരതമ്യപ്പെടുത്തി പുനരലോകനം ചെയ്യുന്ന ഒരു പഠനത്തിലാണ് ഭാരതീയ ഋഷികളുടെ ജ്ഞാനമേഖലകളെക്കുറിച്ചുള്ള അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നതെന്നതാണ് ഇവിടെ ചിന്തോദ്ദീപകമായ പ്രത്യേകത.
മുന്‍ സോവിയറ്റ്‌യൂണിയനിലെ ‘യു.എസ്.എസ്.ആര്‍. അക്കാഡമി ഓഫ് സയന്‍സി’ലെ അംഗവും അതിലെ ‘ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജനറല്‍ പ്രോബ്ലംസ് ഓഫ് ഡയലെക്റ്റിക്കല്‍ മെറ്റീരിയലിസം’ എന്ന വിഭാഗത്തിന്റെ ഡയറക്ടറുമായിരുന്ന പ്രൊഫസര്‍ അലക്‌സാണ്ടര്‍ സ്പിര്‍ക്കിന്‍ (1919-2004) രചിച്ച ഉശമഹലരശേരമഹ ങമലേൃശമഹശാെ എന്ന പുസ്തകമാണ് ഈ അഭിപ്രായം ഉള്‍ക്കൊള്ളുന്നത്. (റഷ്യന്‍ ഭാഷയില്‍ നിന്നുള്ള ഇംഗ്ലീഷ് വിവര്‍ത്തനം 1983-ല്‍ മോസ്‌കോയിലെ പ്രോഗ്രസ് പബ്ലീഷേര്‍സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. (പുസ്തകത്തിന്റെ ഒരു യു.എസ്.പതിപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്.)
വിവിധ ദാര്‍ശനിക – ശാസ്ത്രീയ വീക്ഷണങ്ങളെ അവലോകനം ചെയ്തുകൊണ്ട് വൈരുധ്യാത്മകഭൗതിക സിദ്ധാന്തത്തെ വിലയിരുത്തി അതിന്റെ സാംഗത്യത്തെ പ്രകാശിപ്പിക്കുന്ന മുന്നൂറ്റി നാല്പതോളം പേജുകള്‍ ഉള്ള ഈ പുസ്തകത്തിന്റെ അവസാനഭാഗത്ത്, ആധുനികലോകത്തിനു ഇനിയും വ്യക്തമല്ലാത്തതും മനസ്സിലാക്കേണ്ടിയിരിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ചു സൂചിപ്പിക്കുമ്പോഴാണ് ഭാരതീയ ഋഷിമാരുടെ ജ്ഞാനമേഖലകളെപ്പറ്റിയുള്ള മുക്തകണ്ഠമായ ഈ പ്രശംസ പ്രൊഫസര്‍ അലക്‌സാണ്ടര്‍ സ്പിര്‍ക്കിന്‍ ശക്തമായ, തെളിഞ്ഞ ഭാഷയില്‍ പ്രകാശിപ്പിക്കുന്നത്.

ഒരു അര്‍ത്ഥശങ്കയ്ക്കും ഇടം നല്‍കാത്തവിധം അദ്ദേഹം തുറന്നു പറയുന്നു. ”പ്രപഞ്ചരംഗങ്ങളിലും ഭൂഗര്‍ഭത്തിലും ഉള്ള സ്ഥിതികളും മനുഷ്യന്റെ മാനസികവും ശാരീരികവും ആയ അവസ്ഥകളും തമ്മിലുള്ള വിസ്മയനീയവും അഗാധവുമായ സൂക്ഷ്മബന്ധങ്ങളെ പുരാതനഭാരതത്തിലെ ഋഷിമാര്‍ കണ്ടെത്തി. യൂറോപ്യന്‍ ശാസ്ത്രചിന്ത അവ മനസ്സിലാക്കുന്ന കാര്യത്തില്‍ അതിന്റെ നിസ്സഹായത മറച്ചുവയ്ക്കുവാനായി പൗരസ്ത്യമിസ്റ്റിസിസം എന്നു പറഞ്ഞുകൊണ്ട് അവഗണിക്കുന്നതും, ശാസ്ത്രത്തിന്റെ പരിമിതികള്‍ക്കപ്പുറമുള്ളതുമായ ഒട്ടേറെ കാര്യങ്ങളെക്കുറിച്ചുള്ള അറിവ് അവര്‍ നേടി. പാശ്ചാത്യസമീപനത്തിന് ഇതേവരെ പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഈ ജ്ഞാനത്തിന്റെ യുക്തിപരമായ വിവിധ ഭാവനാപ്രതീകങ്ങളില്‍നിന്നു വേര്‍തിരിച്ചെടുക്കുവാന്‍ പാശ്ചാത്യ ചിന്തയ്ക്കുള്ള കഴിവുകേടിനെയാണ് ഇതു സൂചിപ്പിക്കുന്നത്. ഈ ജ്ഞാനത്തെ ആവരണം ചെയ്യുന്ന പ്രതീകാത്മകമായ രൂപങ്ങളുടെഅഗാധമായ ഭാഷയിലേക്ക് ചൂഴ്ന്നു ചെന്നെത്തി അത് ഗ്രഹിക്കുക പലപ്പോഴും പ്രയാസമാണ്.

”സങ്കീര്‍ണ്ണമായ ഈ പ്രശ്‌നങ്ങളെ പൂര്‍ണ്ണമായി മനസ്സിലാക്കുവാനായി ചരിത്രപരവും സാംസ്‌കാരികവുമായ ഒരു വിശാല അടിസ്ഥാനത്തിന്റെ സഹായം ആവശ്യമാണ്. ചരിത്രത്തില്‍ നിന്നുള്ള അനുഭവം നമുക്കിന്നു ചില പാഠങ്ങള്‍ നല്‍കുന്നു. മനുഷ്യരാശി തരണം ചെയ്ത ചില പാതകളിലേയ്ക്ക് നാമിന്നു ചിന്താപൂര്‍വ്വം നോക്കുന്നുവെങ്കില്‍, മനുഷ്യസംസ്‌കാരിത്തിനു രൂപം നല്‍കിയവര്‍ക്ക് മാര്‍ഗദര്‍ശനം ലഭിച്ചത് മനുഷ്യനെപ്പറ്റിയും മനുഷ്യന്റെ പരിവര്‍ത്തന സാധ്യതകളെക്കുറിച്ചും യുക്തിപരമായി മനസ്സിലാക്കുവാനുള്ള അവരുടെ ഉല്‍ക്കടമായ ആഗ്രഹത്തില്‍ നിന്നായിരുന്നുവെന്നു കാണാം. മനുഷ്യന്റെ ശാരീരികവും ആത്മീയവുമായ ഘടനയും ആരോഗ്യപരിപാലനവും വൃദ്ധിയും എല്ലാം അത് ഉള്‍ക്കൊള്ളുന്നു. സാമൂഹ്യവും രാഷ്ട്രീയവും തത്ത്വചിന്താപരവും മതപരവും സാന്മാര്‍ഗികവും ആയതും മറ്റെല്ലാവിധത്തിലും ഉള്ളതുമായ സാംസ്‌കാരികയത്‌നങ്ങളുടെയെല്ലാം ലക്ഷ്യം ഇതുതന്നെയായിരുന്നു.”പുരാതന പൗരസ്ത്യദേശത്തിലെ ആശയങ്ങള്‍ പ്രകൃത്യാതീത ശക്തികളോട് വിധേയത്വം പുലര്‍ത്തുക മാത്രമല്ല, അവയുമായുള്ള ബന്ധത്തിനായി ചില പെരുമാറ്റനിയമങ്ങള്‍ക്കു രൂപം നല്‍കുകയും ആ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളിലൂടെ ശാരീരികവും മാനസികവുമായ പൂര്‍ണതയെ ലക്ഷ്യമാക്കിയുള്ള സാങ്കേതികമാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. മനസ്സിന്റെയും ബോധാവസ്ഥയുടെയും പരിവര്‍ത്തനത്തിനായും, പ്രപഞ്ചവുമായി പൂര്‍ണമായ ഐക്യത്തിലെത്താനും, പ്രകൃതിയുടെ ഊര്‍ജ്ജവുമായി തന്മയീഭവിക്കുവാനും ഉള്ള അഭ്യാസമുറകള്‍ മതപരമായ വിശ്വാസത്തോട് അനുബന്ധിച്ച് ആവിര്‍ഭവിച്ചു. സ്വന്തം ജൈവസ്ഥിതിയെ സ്വാധീനിക്കുവാനായി മനസ്സിനെയും ശാരീരികസ്ഥിതികളെയും നിയന്ത്രിക്കുവാനുള്ള മാര്‍ഗങ്ങള്‍ നൂറ്റാണ്ടുകള്‍ അതിജീവിക്കുകയും, വ്യത്യസ്ത സമീപനമുള്ള മറ്റു സംസ്‌കാരങ്ങളെപ്പോലും സ്വാധീനിക്കുകയും ചെയ്തത് വളരെ സൂക്ഷ്മവും, നിഗൂഢവും, ഘടനാപരവും, ഊര്‍ജ്ജ സ്ഥിതിവിവരസംബന്ധവും, നാഡീ-മനോബന്ധം, ശാരീരികമായ രാസസ്ഥിതി എന്നിവ സംബന്ധിച്ചും ഉള്ള അടിസ്ഥാനപരമായ അറിവില്‍ അവ അധിഷ്ഠിതമായിരുന്നതിനാലാണ്. എങ്കിലും, ചില നിശ്ചലവീക്ഷണങ്ങളില്‍ പലപ്പോഴും തളയ്ക്കപ്പെട്ടിരിക്കുന്ന അപഗ്രഥനാത്മകമായ പാശ്ചാത്യമനസ്സിനു ഇതൊക്കെ ചിലപ്പോള്‍ വെറും വിചിത്രസങ്കല്പങ്ങളായി തോന്നിയേക്കാം.

‘ജീവിതസമീപനത്തിന്റെയും അതിന്റെ വ്യത്യസ്ത ഘടകങ്ങളുടെയും പങ്കിനെക്കുറിച്ചുള്ള നിരവധി വിശ്വാസങ്ങള്‍ പൗരസ്ത്യസംസ്‌കാരം ഉള്‍ക്കൊള്ളുന്നു. ശ്വാസോച്ഛ്വാസരീതികള്‍, ആഹാരം, പരിശീലനം, ത്വക്കിന്റെ ആരോഗ്യം, ശാരീരിക ചലനാവസ്ഥകള്‍, പ്രകൃതിയുമായി വളരെ സൂക്ഷ്മമായ സമ്പര്‍ക്കത്തിലേര്‍പ്പെടാനുള്ള കഴിവ്, അക്യുപങ്ചര്‍, ശാരീരികമര്‍മ്മങ്ങളെ സ്വാധീനിക്കുവാനുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍, സസ്യാധിഷ്ഠിത ഔഷധങ്ങള്‍, നേത്രപടലം, നാഡിമിടിപ്പ്, ഗന്ധം ഇവയെ ആസ്പദമാക്കിയുള്ള രോഗനിര്‍ണയം, ഭൂമിയും ഗ്രഹങ്ങളും നക്ഷത്രജാലങ്ങളും തമ്മിലുള്ള സൂക്ഷ്മ ബന്ധങ്ങളില്‍ അധിഷ്ഠിതമായ ഔഷധപ്രയോഗം, വര്‍ഷത്തിലെ ദിവസങ്ങളും സമയവും, ഭൂമിയുടെ ഘടനാസ്ഥിതി പരിഗണിച്ചുകൊണ്ടുള്ള ജലത്തിന്റെ ഗുണനിലവാരനിര്‍ണയം, ഭൂമിയുടെ കാന്തികശക്തിയുമായി ബന്ധപ്പെടുമ്പോള്‍ ജലപ്രവാഹത്തിനുണ്ടാകുന്ന സ്വഭാവം – ഇവയ്ക്കു പുറമെ മറ്റുപല വിജ്ഞാനരംഗങ്ങളും പൗരസ്ത്യജനതയുടെ വിവേകത്തിനും അവരുടെ സാംസ്‌കാരിക സമ്പത്തിനും, ജീവിതധര്‍മ്മങ്ങളെക്കുറിച്ചുള്ള അറിവിലൂടെ മനുഷ്യന്റെ കര്‍മ്മങ്ങള്‍ക്കു രൂപം നല്‍കുന്നതിനും സാരവത്തായ സാധ്യതകള്‍ ആവിഷ്‌കരിക്കവാനുള്ള കഴിവുനല്‍കുന്നതില്‍ മഹത്തായ സംഭാവനകള്‍ ചെയ്തിട്ടുണ്ട്.

‘അങ്ങനെ വിദൂരമായ ഭൂതകാലത്തിന്റെ, ഒരു മൂടല്‍മഞ്ഞിപ്പുറമുള്ള ആ പൗരാണിക കാലത്ത്, നൂറ്റാണ്ടുകളുടെ അനുഭവങ്ങളിലൂടെ പരീക്ഷണ വിധേയമാക്കപ്പെട്ട അറിവിന്റെ അമൂല്യസ്ഫടികങ്ങളും, മനുഷ്യശരീരത്തെ ഗുണാത്മകമാം വിധം സ്വാധീനിക്കുന്നതിനുള്ള പ്രത്യേക കഴിവുകളും ക്രമേണ രൂപപ്പെട്ടുവന്നു ആ വിദൂരമായ കാലങ്ങളില്‍ പരീക്ഷണങ്ങളൊന്നും കൂടാതെയും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പര പ്രവര്‍ത്തനത്തെക്കുറിച്ച്, പ്രത്യേകിച്ചും നക്ഷത്രജാലങ്ങള്‍ക്കും, സൂര്യനും, ചന്ദ്രനും ഭൂമിയുടെ അന്തരാളങ്ങളില്‍ നിന്നും ബഹിരാകാശത്തുനിന്നും വരുന്ന രശ്മിപ്രസരങ്ങള്‍ക്കും മനുഷ്യനില്‍ ഉള്ള സ്വാധീനതയെ നിര്‍ണയിക്കുവാന്‍ കഴിയുന്ന ഉപകരണങ്ങളൊന്നും ഇല്ലാതെയും, അന്നത്തെ മനുഷ്യര്‍ക്കു ഇത്രയുമൊക്കെ അറിവു നേടാന്‍ സാധ്യമായത് എങ്ങനെയായിരിക്കാം? ഈ അറിവുകളെല്ലാം രോഗനിര്‍ണയത്തിലും ചികിത്സയിലും അവര്‍ പ്രായോഗികമാക്കുകയും ചെയ്തിരുന്നു’
തുടര്‍ന്ന് അദ്ദേഹം ഇപ്രകാരം ഉപസംഹരിക്കുന്നു. ‘നമ്മുടെ പ്രശംസയും കൃതജ്ഞതയും പഠനത്തിനുള്ള അഭിലാഷവും ഉദ്ദീപിപ്പിക്കുന്ന വിസ്മയനീയവും മഹത്തരവുമായ ഒരു സംസ്‌കാരത്തിലേക്കല്ലേ ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്?
പത്തൊന്‍പതാംശതകത്തിലെ ചില പാശ്ചാത്യസൈദ്ധാന്തികരുടെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്നു ഭാരതത്തിലെ ജ്ഞാനസമ്പത്തിനെ വിഗണിക്കുന്ന ബുദ്ധിജീവികള്‍ വൈരുദ്ധ്യാത്മകഭൗതിക സിദ്ധാന്തത്തെക്കുറിച്ചുള്ള ഗഹനമായ പഠനം കാഴ്ചവയ്ക്കുന്ന ഈ പ്രതിഭാസമ്പന്നനായ ശാസ്ത്രജ്ഞന്റെ തുറന്ന, ധീരമായ ഈ പ്രസ്താവനയെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ സമ്പത്ത് ഭാവിലോകത്തിനു നഷ്ടപ്പെട്ടുപോകാന്‍ ഇടയാക്കുന്നത് ഈ സംസ്‌കാരത്തോടു കാട്ടുന്ന ഒരു അനീതിയും ക്രൂരതയുമായിരിക്കും.

വിദ്യയ്ക്കു പ്രാധാന്യം നല്‍കുന്ന ഈ നവരാത്രിദിനങ്ങളില്‍, നമ്മുടെ സ്മരണയില്‍ പ്രത്യേകം വരേണ്ടതാണ് ശ്രീലളിതാസഹസ്രനാമസ്‌തോത്രത്തില്‍ ദേവിയെ വിജ്ഞാനഘനരൂപിണിയെന്നും പ്രജ്ഞാനഘനരൂപിണിയെന്നും വാഴ്ത്തുന്ന വരികള്‍. ഭാരതീയ തത്ത്വദര്‍ശനം ഭൗതികശാസ്ത്രത്തിന്റെയും ആദ്ധ്യാത്മികജ്ഞാനത്തിന്റെയും അതിസൂക്ഷ്മമായ രംഗങ്ങളിലെത്തി അവയെ സമന്വയിപ്പിച്ച് മനുഷ്യമനസ്സിലേക്ക് പരിണാമവികാസാത്മകമായ ഒരു ദിശാബോധം പകര്‍ന്നുനല്‍കുന്ന കാര്യം സൂചിപ്പിക്കുന്ന വരികളാണിവ. പ്രൊഫസര്‍ അലക്‌സാണ്ടര്‍ സ്പിര്‍ക്കിന്‍ അഭിപ്രായപ്പെടുന്നതുപോലെ ‘നമ്മുടെ പ്രശംസയും കൃതജ്ഞതയും പഠനത്തിനുള്ള അഭിലാഷവും ഉദ്ദീപിപ്പിക്കുന്ന’ ഈ ജ്ഞാനമേഖലകളിലേയ്ക്ക് ഗൗരവപൂര്‍വ്വമായ ഗവേഷണത്തിന്റെ ആധുനിക പ്രസക്തിയെക്കുറിച്ചുള്ള അവബോധം ഈ നവരാത്രിദിനങ്ങളില്‍ നമുക്കു പ്രചോദനമരുളട്ടെ.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം