അനന്തപുരിയില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സിവില്‍ സര്‍വീസ് അക്കാദമി വരുന്നു

February 8, 2012 കേരളം

തിരുവനന്തപുരം: തലസ്ഥാനത്ത് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സിവില്‍ സര്‍വീസ് അക്കാദമി വരുന്നു. എന്‍.എസ്.എസ്. അക്കാദമി ഓഫ് സിവില്‍ സര്‍വീസസ്’ എന്ന പേരിലറിയപ്പെടുന്ന ഈ സ്ഥാപനം കേശവദാസപുരത്ത് ആരംഭിക്കും. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അറിയിച്ചു. ക്ലാസുകള്‍ ജൂലായ് എട്ടിന് ആരംഭിക്കും. മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍ മുഖ്യ ഉപദേഷ്ടാവായി തുടങ്ങുന്ന ഈ അക്കാദമിയില്‍ സിവില്‍ സര്‍വീസ് കോഴ്‌സ് (ഒരുവര്‍ഷം), സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ്, ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സ് എന്നിവയാണ് പ്രധാനമായിട്ടുണ്ടായിരിക്കുക.

8, 9, 10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയാണ് ടാലന്റ് ഡെലവപ്‌മെന്റ് കോഴ്‌സ്. പ്ലസ്‌വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കു വേണ്ടിയും ഡിഗ്രിക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുമാണ് സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ്. അംഗീകൃത സര്‍വകലാശാലകളില്‍നിന്നുള്ള ബിരുദവും 20 മുതല്‍ 29 വയസുവരെ പ്രായവും ഉള്ളവര്‍ക്കുവേണ്ടിയാണ് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സിവില്‍ സര്‍വീസ് കോഴ്‌സ്. ഫീസ് സംബന്ധിച്ച കാര്യങ്ങള്‍ ഉടന്‍ തീരുമാനിക്കും. നിലവിലുള്ള വിദ്യാഭ്യാസ സംവിധാനത്തിന് കോട്ടംതട്ടാതെ സ്വാശ്രയമേഖലയിലേക്ക് ചിന്തിക്കേണ്ട സാഹചര്യം സംജാതമായിയെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് എന്‍.എസ്.എസ്. അക്കാദമി ഓഫ് സിവില്‍ സര്‍വീസസ് എന്ന സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചതെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കി. കഴിവുള്ള കുട്ടികളെ പ്രോത്സാഹിപ്പിച്ച് അവരെ ലക്ഷ്യബോധത്തിലെത്തിക്കാനുള്ള പ്രസ്ഥാനങ്ങളുടെയും സംവിധാനങ്ങളുടെയും കുറവാണ് മറ്റുപല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് നമ്മുടെ സംസ്ഥാനം ഈ വിഷയത്തില്‍ പിന്നാക്കം പോകാനുള്ള കാരണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സംവരണേതര വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള അവസരം കുറവാണ്. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി കുട്ടികള്‍ ഡല്‍ഹിയിലും മറ്റും പോകേണ്ടിവരുന്ന സാഹചര്യവും മാറേണ്ടിയിരിക്കുന്നതായി സുകുമാരന്‍ നായര്‍ പറഞ്ഞു.

സിവില്‍ സര്‍വീസ് രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന പ്രശസ്തരായിരിക്കും അക്കാദമിക്അഡ്മിനിസ്‌ട്രേറ്റീവ് തലങ്ങളിലുള്ള ചീഫ് കോഓര്‍ഡിനേറ്റര്‍മാര്‍. പ്രഗത്ഭരായ പ്രൊഫസര്‍മാര്‍ ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവിധത്തിലാണ് കോഴ്‌സുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം