നറുക്കെടുപ്പ് സംപ്രേഷണം തുടരുന്നു: ‘കൈരളി’ പാര്‍ട്ടിയുടേതല്ലെന്ന് അധികൃതര്‍

September 3, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഭൂട്ടാന്‍ ലോട്ടറികളുടെ നറുക്കെടുപ്പ് വ്യാഴാഴ്ചയും കൈരളിചാനല്‍ തത്സമയം സംപ്രേഷണം ചെയ്തു. ഭൂട്ടാന്‍ സൂപ്പര്‍ പാലസ്, ഡാര്‍ലിങ് ഡിയര്‍, ഡേറ്റ സ്റ്റാര്‍ എന്നിവയുടെ നറുക്കെടുപ്പാണ് ഉച്ചയ്ക്ക്മൂന്നിന് സംപ്രേഷണം ചെയ്തത്.

പാര്‍ട്ടിയുടെയും ധനമന്ത്രിയുടെയും നിലപാടുകള്‍ക്ക് വിരുദ്ധമായി കൈരളിചാനല്‍ അന്യസംസ്ഥാന ലോട്ടറികളുടെ നറുക്കെടുപ്പ് സംപ്രേഷണം ചെയ്യുന്നത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് കൈരളി പാര്‍ട്ടിയുടെ ചാനല്‍ അല്ലെന്നും സ്വതന്ത്രസ്ഥാപനമാണെന്നുമുള്ള പ്രസ്താവനകളുമായി മുഖ്യമന്ത്രിയടക്കമുള്ളനേതാക്കളും മലയാളം കമ്യൂണിക്കേഷനും രംഗത്തുവന്നിട്ടുണ്ട്. മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ മൂന്നുചാനലുകളിലൊന്നാണ് കൈരളി. സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ വില്പന മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ തുടരുകയാണെന്നും ഈ പ്രദേശത്തുള്ള ഏജന്റുമാര്‍ നറുക്കെടുപ്പ് ഫലത്തിനായി കൈരളിയെയാണ് ആശ്രയിക്കുന്നതെന്നും മലയാളം കമ്യൂണിക്കേഷന്‍സ് പത്രക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ കേരളത്തിനുവെളിയില്‍ ലഭിക്കുന്ന ‘എസ്. എസ് മ്യൂസിക്’ ഉള്‍പ്പെടെയുള്ള ചില ചാനലുകളും സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ ഫലം സംപ്രേഷണം ചെയ്യുന്നുണ്ട്.

പരസ്യത്തെ പരസ്യമായി കാണുകയാണ് കൈരളിയുടെ നയം. ഏതെങ്കിലും മാധ്യമത്തിന്റെ പംക്തികളോ മുഖപ്രസംഗങ്ങളോ അല്ല കൈരളിയുടെ പരസ്യനയം തീരുമാനിക്കുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം