കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് ഫെബ്രുവരിയില്‍ തറക്കല്ലിടും

February 9, 2012 കേരളം

ന്യൂഡല്‍ഹി: പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് ഫെബ്രുവരിയില്‍ തറക്കല്ലിടും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
426 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി ആകെ ആവശ്യമുള്ളത്. ഫെബ്രുവരി ഏഴിനാണ് നിര്‍ദ്ദിഷ്ട റെയില്‍ കോച്ച് ഫാക്ടറിക്കായി റെയില്‍വേ കണ്ടെത്തിയ 239 ഏക്കര്‍ ഭൂമി റെയില്‍ മന്ത്രാലയത്തിന് കൈമാറുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവായത്. 33.70 കോടി രൂപ ഇതിനായി റെയില്‍വേ സംസ്ഥാന സര്‍ക്കാരിന് നല്‍കണം. റെയില്‍വേ കണ്ടെത്തിയതിനു പുറമേ ആവശ്യമുള്ള ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഓഹരിയായി നല്‍കും. 239 ഏക്കര്‍ ഭൂമി റെയില്‍വേ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ അളന്നു തിട്ടപ്പെടുത്താന്‍ പാലക്കാട് ജില്ലാ കളക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. 2008-09 റെയില്‍വേ ബജറ്റിലാണ് പാലക്കാട്ടെ കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറി തുടങ്ങുമെന്ന പ്രഖ്യാപനമുണ്ടായത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം