മതപരിവര്‍ത്തനം നിരോധിക്കണമെന്ന് സ്വാമി ജയേന്ദ്ര സരസ്വതി

February 10, 2012 കേരളം

അയിരൂര്‍(ചെറുകോല്‍പ്പുഴ): തമിഴ്‌നാട്ടിലേതുപോലെ കേരളത്തിലും മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണമെന്ന് കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യ സ്വാമി ജയേന്ദ്ര സരസ്വതി. അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത് ശതാബ്ദിയുടെ ഭാഗമായി നിര്‍മിച്ച വിദ്യാധിരാജ സാംസ്‌കാരിക കേന്ദ്രം ഉദ്ഘാടനം ചെയ്ത ശേഷം ഹിന്ദുമത പരിഷത് നഗറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതന്യൂനപക്ഷങ്ങള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക അവകാശങ്ങള്‍ നല്‍കുന്നത് തെറ്റാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ നവോഥാന രംഗത്ത് ശ്രീനാരായണഗുരുവും ചട്ടമ്പി സ്വാമിയും ഹിന്ദു ഐക്യത്തിനായാണ് പ്രവര്‍ത്തിച്ചത്. ഹിന്ദു ഐക്യവേദിയും വിശ്വഹിന്ദു പരിഷത്തും ഹിന്ദു ഐക്യത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഹിന്ദു ഐക്യത്തിലൂടെ ഹൈന്ദവ സംസ്‌കാരത്തിനും ഹിന്ദു സമൂഹത്തിനും ഉയര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം മന്ത്രി വി. എസ്. ശിവകുമാര്‍ യോഗത്തില്‍ പങ്കെടുത്തു.

സാംസ്‌കാരിക കേന്ദ്രത്തിന്റെ പരിസരത്ത് സ്വാമി ജയേന്ദ്ര സരസ്വതി ആല്‍മരം നട്ടു. തിരുവിതാകൂര്‍ വികസന കൗണ്‍സില്‍ ചെയര്‍മാന്‍ പി. എസ്. നായരാണ് 35 ലക്ഷം രൂപ ചെലവില്‍ വിദ്യാധിരാജ സാംസ്‌കാരിക കേന്ദ്രം നിര്‍മിച്ചത്. പുളിയോടില്‍കാലായില്‍ പി. കെ. കമലമ്മ സൗജന്യമായി നല്‍കിയ ഭൂമിയിലാണ് കേന്ദ്രം. പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ആധുനിക ലൈബ്രറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം