ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റി അംഗത്തിന് എതിരായ ഹര്‍ജി തള്ളി

February 11, 2012 കേരളം

കൊച്ചി: ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിയിലേക്ക് ജീവനക്കാരുടെ പ്രതിനിധിയായി എന്‍. രാജുവിനെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച തള്ളി. രാജുവിനെതിരെ ഹര്‍ജിക്കാരനായ കെ.എസ്. ജയന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണനും ജസ്റ്റിസ് സി.ടി. രവികുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ചെലവ് സഹിതമാണ് ഹര്‍ജി തള്ളിയത്.

ഗുരുവായൂര്‍ ദേവസ്വത്തിലെ ഒരു ജീവനക്കാരന്‍ പോലും രാജുവിനെതിരെ ഹര്‍ജിയുമായി വന്നിട്ടില്ലെന്ന് കോടതി പറഞ്ഞു. നിലവിലുള്ള ഹര്‍ജിയിലെ ആരോപണങ്ങള്‍ക്കും കഴമ്പില്ല. ഒരു പൊതു താത്പര്യവും ഇതില്‍ കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി. രാജുവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുവെങ്കിലും നടപടി എടുക്കാന്‍ കാരണങ്ങള്‍ ദേവസ്വം മാനേജ്‌മെന്റിനും ബോധ്യപ്പെട്ടിട്ടില്ല. ദേവസ്വം മാനേജിങ് കമ്മിറ്റിയില്‍ അംഗമാകാന്‍ രാജുവിന് അയോഗ്യതയുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം. വ്യക്തിപരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളതും. ആരോപണങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് അയോഗ്യതയ്ക്കുള്ള കാരണങ്ങള്‍ കാണുന്നില്ലെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

അഴിമതിക്കാര നായ ഒരാള്‍ മാനേജിങ് കമ്മിറ്റിയില്‍ അംഗമാകണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. നിയമവും ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെയാണ് ഗുരുവായൂര്‍ ദേവസ്വം നിയമം സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടുള്ളതെന്നും ഹൈക്കോടതി പറഞ്ഞു. ദേവസ്വം നിയമം അനുസരിച്ചാണ് മാനേജിങ് കമ്മിറ്റി രൂപവത്കരിച്ചിട്ടുള്ളതെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം