2 ജി. സ്‌പെക്ട്രം: പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരെ കാണും

February 11, 2012 ദേശീയം

ന്യൂഡല്‍ഹി: 2 ജി. സ്‌പെക്ട്രം ഇടപാടില്‍ പുതിയ സംഭവവികാസങ്ങള്‍ വിലയിരുത്താനായി പ്രധാനമന്ത്രി മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളുമായി ചര്‍ച്ച നടത്തും.
ടെലകോം മന്ത്രിയായിരിക്കെ എ.രാജ 11 ടെലികോം കമ്പനികള്‍ക്കു നല്‍കിയ 122 ടു ജി ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ നില പരുങ്ങലിലാണ്. ഒരു മാസത്തിനുള്ളില്‍ ടെലികോം നിയന്ത്രണ അതോറിറ്റിയുടെ (ട്രായ്) നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇവ പുനര്‍ലേലം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നാലുമാസത്തിനുശേഷം മാത്രമേ വിധി പ്രാബല്യത്തില്‍ വരൂവെന്നും കോടതി വ്യക്തമാക്കി.
2008 ജനവരി പത്തിനോ അതിനുശേഷമോ വിതരണം ചെയ്ത 122 ലൈസന്‍സുകളും സ്‌പെക്ട്രവും ഏകപക്ഷീയവും നിയമവിരുദ്ധവുമായാണ് നല്‍കിയതെന്ന് സുപ്രീംകോടതി കണ്ടെത്തി. 2008 ജനവരി പത്തിന് പുറപ്പെടുവിച്ച പത്രക്കുറിപ്പിനെത്തുടര്‍ന്നാണ് ഇവര്‍ക്ക് ലൈസന്‍സ് നല്‍കിയത്. നാലു മാസത്തിന് ശേഷം ഈ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്ന് വിധിയെഴുതിയ ജസ്റ്റിസ് ജി.എസ്. സിങ്‌വി വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം