പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കര്‍മപരിപാടി സംഘടിപ്പിക്കും: പിണറായി

February 11, 2012 കേരളം

തിരുവനന്തപുരം: പാര്‍ട്ടിയെ ശക്‌തിപ്പെടുത്താന്‍ ബ്രാഞ്ച്‌തലം മുതല്‍ കര്‍മപരിപാടികള്‍ സംഘടിപ്പിക്കുമെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. പാര്‍ട്ടി അണികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്‌. അനുഭാവികളുടെ സംശയങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കും. ലോക്കല്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം ജില്ലാ കമ്മിറ്റി നിരീക്ഷിക്കുമെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരം പ്രസ്സ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്‌തുവിന്റെ ചിത്രവുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണ്‌. പല പുരോഹിതന്‍മാരും സിപിഎമ്മിനെ അനുകൂലിച്ചു. ഒരു ചെറിയ വിഭാഗം മാത്രമാണ്‌ എതിര്‍ത്തത്‌.
സംസ്ഥാന കമ്മറ്റിയില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ചുള്ള സരോജിനി ബാലാനന്ദന്റെ പ്രതികരണം അവരുടെ വികാരപ്രകടനമായി കണ്ടാല്‍ മതി. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം സംസ്ഥാന കമ്മറ്റിയംഗമെന്ന നിലയ്ക്ക് പ്രവര്‍ത്തിക്കാനുള്ള പരിമിതി മനസ്സിലാക്കിയിട്ടാണ് സരോജിനിയെ നീക്കിയതെന്നും പിണറായി പറഞ്ഞു.
ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കും. അതിനായി ഇടനിലക്കാരില്ലാതെ നേരിട്ടിറങ്ങും. മദ്യാസക്തിക്കെതിരെ വ്യാപക പ്രചാരണം നടത്തും. മറുനാടന്‍ തൊഴിലാളികള്‍ക്ക് എതിരായ ആക്രമണം അവസാനിപ്പിക്കും – പിണറായി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം