ആരോഗ്യരംഗത്തു കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്നു സുദീപ് ബന്ദോപാധ്യായ

February 11, 2012 കേരളം

കൊച്ചി: ജീവിതക്രമത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ രോഗങ്ങള്‍ക്കു കാരണമായിട്ടുണ്െടന്നു കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി സുദീപ് ബന്ദോപാധ്യായ. ഇന്ത്യന്‍ പബ്ളിക് ഹെല്‍ത്ത് അസോസിയേഷന്‍ (ഐപിഎച്ച്എ) 56-ാമത് വാര്‍ഷിക സമ്മേളനം ഐഎംഎ ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തു പ്രായപൂര്‍ത്തിയാകാത്തവരില്‍ 36 ശതമാനം പേര്‍ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നു. ഇത് അപകടകരമാണ്. ആരോഗ്യരംഗത്തു കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ആരോഗ്യരംഗത്തു രാജ്യം പല മേഖലകളിലും ഏറെ മുന്നേറാനുണ്ട്. പകര്‍ച്ചരോഗങ്ങള്‍ ആരോഗ്യ രംഗത്തു പ്രതിസന്ധി സൃഷ്ടിക്കുന്നു. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ എന്നിവയുടെ വ്യാപനം വളരെ ഉയര്‍ന്ന നിരക്കിലാണ്. കാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ പ്രതിരോധിക്കാനായി ദേശീയ പദ്ധതിക്കു (എന്‍പിസിഡിസിഎസ്) രൂപം നല്കിയിട്ടുണ്ട്. ആരോഗ്യ, സാമൂഹികരംഗത്ത് പിന്നോക്കം നില്‍ക്കുന്ന 21 സംസ്ഥാനങ്ങളിലെ 100 ജില്ലകളിലാണു പദ്ധതി നടപ്പാക്കുന്നത്.- അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം