കാപിറ്റല്‍ പണിഷ്‌മെന്റ് പ്രയോഗം മാധ്യമങ്ങള്‍ വ്യാഖ്യാനിച്ച് കുഴപ്പത്തില്‍ ആക്കേണ്ടെന്നു പിണറായി

February 11, 2012 കേരളം

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍ നടത്തിയ കാപിറ്റല്‍ പണിഷ്‌മെന്റ് പ്രയോഗം മാധ്യമങ്ങള്‍ വ്യാഖ്യാനിച്ച് അദ്ദേഹത്തെ കുഴപ്പത്തില്‍ ആക്കേണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തക യൂണിയന്റെ   മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിനിധി സമ്മേളനത്തിലെ ചര്‍ച്ചയെക്കുറിച്ചു പൊതുസമ്മേളനത്തില്‍ പരാമര്‍ശിക്കരുതെന്ന സംഘടനാ ബോധമില്ലാത്ത ആളല്ല വിഎസ്. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ സംഘടനാ രീതിയില്‍ നിന്നുള്ള വ്യതിചലനമാണ്. ഞങ്ങളുടെ പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ എടുക്കുന്ന കേസുകളെക്കുറിച്ചുമായി ബന്ധപ്പെട്ടാണു വി.എസ്. അങ്ങനെ പറഞ്ഞത്. വിഎസിന്റെ പരാമര്‍ശത്തിന് ആദ്യം വ്യാഖ്യാനം നല്‍കിയതു കോടിയേരി ബാലകൃഷ്ണന്‍ ആണല്ലോ എന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ കോടിയേരിയുടേതു വിഎസിന്റെ പ്രസംഗത്തിന്റെ തുടര്‍ച്ചയായിരുന്നു എന്നായിരുന്നു മറുപടി.

സംസ്ഥാന കമ്മിറ്റിയില്‍ നിന്നു പുറത്തു പോയ സരോജിനി ബാലാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങള്‍ സംഘടനാപരമായി ശരിയല്ല. എന്നാല്‍ അവരുടെ സ്വാഭാവിക പ്രതികരണം മാത്രമായി അതിനെ കണ്ടാല്‍ മതി. പ്രവര്‍ത്തിക്കാനുള്ള അവരുടെ പരിമിതി കണക്കിലെടുത്താണ് അവരെ ഒഴിവാക്കിയത്. അവരോടുള്ള എല്ലാ ആദരവും നിലനിര്‍ത്തുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവരെ പ്രതിനിധി ആക്കിയിട്ടുണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം