സി.കെ. ചന്ദ്രപ്പന്‍ വീണ്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറി

February 11, 2012 കേരളം

കൊല്ലം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി സി.കെ. ചന്ദ്രപ്പനെ വീണ്ടും തെരഞ്ഞെടുത്തു. എല്‍.ഡി.എഫിനെ കൂടുതല്‍ ശക്തിപ്പെടുത്തി യു.ഡി.എഫ് സര്‍ക്കാരിനെതിരായ പോരാട്ടം ശക്തമാക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഭരണത്തുടര്‍ച്ച ലഭിക്കുമായിരുന്നുവെന്ന് സി.കെ. ചന്ദ്രപ്പന്‍ പറഞ്ഞു.
നിര്‍ണായക നിമിഷത്തില്‍ നേതാവിനെ മാറ്റാന്‍ തീരുമാനിക്കുന്നതുപോലുള്ള കാര്യങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കുകയില്ല,  അഭിപ്രായ വ്യത്യാസങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ മാന്യമായ ഭാഷയും സംസ്‌കാരത്തോടെയുള്ള പ്രതികരണവുമാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചേരുന്നതെന്നും സി.കെ.ചന്ദ്രപ്പന്‍ പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ പിണറായി വിജയന്‍ നടത്തിയ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗൗരവമുളള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കുറച്ചുകൂടി അന്തസായ ഭാഷ ഉപയോഗിക്കേണ്ടതാണ്. രാഷ്ട്രീയത്തില്‍ ഒരുപാട് കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായേക്കാം-ചന്ദ്രപ്പന്‍ പറഞ്ഞു. സി.പി.ഐയ്ക്ക് ആളില്ല എന്നാണ് പറയുന്നത്. ആളില്ലാത്ത പ്രശ്‌നമുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. അത് സമ്മേളനത്തിന് ശേഷം നടക്കുന്ന പ്രകടനം തെളിയിക്കുമെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.
മുന്നണിയ്ക്ക് പ്രത്യേകിച്ച് ഒരു നേതാവില്ലെന്നും മുന്നണിയിലെ എല്ലാ പാര്‍ട്ടികളും തുല്യതയോടെ പെരുമാറുന്നതാണ് മുന്നണിയുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനപരമായ ഭിന്നതയില്ലാതെ ചെറിയ തര്‍ക്കങ്ങളുടെ പേരില്‍ മുന്നണിയില്‍ നിന്ന് പുറത്തുപോയിട്ടുള്ള പാര്‍ട്ടികളെ തിരികെ കൊണ്ടുവരണമെന്നാണ് സി.പി.ഐയുടെ അഭിപ്രായം. ഇക്കാര്യത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ അഭിപ്രായത്തോട് യോജിക്കുകയാണ്. ഇതിനായി മുന്‍കൈയെടുക്കേണ്ട സന്ദര്‍ഭം വരികയാണെങ്കില്‍ അതിന് ശ്രമിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം