കൊടുങ്ങല്ലൂരില്‍ രണ്ട് ബി.ജെ.പിക്കാര്‍ കുത്തേറ്റ് മരിച്ചു

February 12, 2012 കേരളം

മതിലകം (കൊടുങ്ങല്ലൂര്‍): ശംഖ്ബസാറില്‍ ശനിയാഴ്ച രാത്രിയുണ്ടായ സംഘട്ടനത്തില്‍ രണ്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ കുത്തേറ്റു മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായ പരിക്കുപറ്റി.ശംഖ്ബസാര്‍ സ്വദേശികളായ ചിറ്റാപുരത്ത് ചെറുങ്ങേരന്റെ മകന്‍ മധു (32), ചേലാന്തറ ഭരതന്റെ മകന്‍ സുധി (24) എന്നിവരാണ് മരിച്ചത്. പുളിപ്പറമ്പില്‍ ശശിയുടെ മകന്‍ രശ്മിതി (24) നെ ഗുരുതരമായ പരിക്കോടെ തൃശ്ശൂര്‍ വെസ്റ്റ്‌ഫോര്‍ട്ട് ഹൈടെക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി 11.15 ഓടെ ശംഖ്ബസാറില്‍ വെച്ചാണ് സംഭവം. രണ്ടുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചതായി പോലീസ് അറിയിച്ചു.

കഴിഞ്ഞദിവസം ശംഖ്ബസാര്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ തൈപ്പൂയ്യ ഉത്സവത്തിനിടെ മൂവരും തമ്മിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിന് ഇടയാക്കിയതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുന്നു. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളൊന്നുമുള്ളതായി പ്രാഥമിക വിവരമില്ലെന്നും പോലീസ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം