മുംബൈ സ്‌ഫോടനത്തിന് പണമൊഴുകിയത് കേരളത്തിലൂടെ

February 12, 2012 ദേശീയം

ബാംഗ്ലൂര്‍: മുംബൈ സ്‌ഫോടനത്തിന് ഹവാലപണം ഒഴുകിയത് കേരളം വഴിയെന്ന് റിപ്പോര്‍ട്ട്. ഗള്‍ഫില്‍ നിന്ന് സ്‌ഫോടനത്തിനായി ഹവാലപണം കൈമാറിയത് ജമായത്തുള്‍ അന്‍സരുള്‍ മുസ്‌ലിമിന്‍ എന്ന ഭീകര സംഘടനയുടെ മലയാളി നേതാവ് മുഹമ്മദ് സമീര്‍ ഫാഗ്നെസ്റ്റാണെന്നാണ് വിവരം. ഡല്‍ഹിയില്‍ അറസ്റ്റിലായ ഇയാളെ കര്‍ണാടക പൊലീസ് ചോദ്യം ചെയ്തു വരുന്നു.

2008 ല്‍ ബാംഗ്ലൂരിലും കഴിഞ്ഞവര്‍ഷം ജൂലൈയില്‍ മുംബൈയിലും നടന്ന സ്‌ഫോടനത്തിനു ഹവാലപണം മറിഞ്ഞത് മലയാളികളുടെ കൈകളിലൂടെയാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. മുംബൈ സ്‌ഫോടനം നടത്താന്‍ ചെലവഴിച്ച 10 ലക്ഷം രൂപ മസ്‌ക്കറ്റില്‍നിന്ന് കേരളം വഴി കടത്തിയ മലയാളി മുഹമ്മദ് സമീര്‍ഫാഗ്നെസ്റ്റ് രണ്ടു ദിവസം മുമ്പ് അറസ്റ്റിലായതോടെയാണ് നിര്‍ണായക വിവരങ്ങള്‍പുറത്തുവന്നത്. ബാംഗ്ലൂര്‍ സ്‌ഫോടനത്തിനും ഹവാല പണം എത്തിച്ചത് മുഹമ്മദ് സമീറാണെന്നാണ് വിവരം.

കണ്ണൂര്‍ താനെ സ്വദേശിയാണ് മുഹമ്മദ് സമീര്‍. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഒരാഴ്ച  മുമ്പ്   അറസ്റ്റിലായ ഇയാള്‍   ഇപ്പോള്‍ കര്‍ണാടക പൊലീസിന്റെ കസ്റ്റഡിയിലാണ്.   കേന്ദ്ര ആഭ്യന്തരമന്ത്രാലയവും മധ്യപ്രേദശ് പൊലീസും മുഹമ്മദ് സമീറിന്റെ പേരില്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. രാജ്യത്ത് നടക്കുന്ന മിക്ക സ്‌ഫോടനങ്ങള്‍ക്കും ഹവാല പണം കൈമാറുന്നത് കേരളം വഴിയാണെന്ന് മുഹമ്മദ് സമീര്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ മുജാഹിദ്ദീന്റെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിക്കുന്ന   ജം ഇയ്യത്തുല്‍ അന്‍സാറുല്‍ മുസ്‌ലിമിന്‍ എന്ന സംഘടയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.   സമീറിനെ ചോദ്യം ചെയ്തതില്‍ നിന്ന്   ഹവാലപണം യാസിന്‍ ഭട്കലിന് കൈമാറിയ കന്‍വര്‍നയിന്‍ വാസീര്‍ചന്ദ് പത്രിസയെക്കുറിച്ചുള്ള വിവരം ഡല്‍ഹി പൊലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച കന്‍വറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം