വിളപ്പില്‍ശാല: പ്രതിഷേധക്കാരെ പോലീസ് അറസ്റ്റുചെയ്തു നീക്കുന്നു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു

February 13, 2012 കേരളം

തിരുവനന്തപുരം: മാലിന്യലോറികള്‍ തടഞ്ഞ വിളപ്പില്‍ശാലയിലെ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്യുന്നു. പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സ്ത്രീകളേയും പോലീസ് ബലംപ്രയോഗിച്ച് പോലീസ് വാഹനങ്ങളിലേക്ക് മാറ്റാന്‍ തുടങ്ങി. സമരസമിതി നേതാവ് മിനിയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രക്ഷോഭക്കാരെ കയറ്റിയ പോലീസ് വാഹനങ്ങളും പ്രതിഷേധക്കാര്‍ തടഞ്ഞു. എന്തുവന്നാലും മാലിന്യവണ്ടികള്‍ വിളപ്പില്‍ശാലയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ചനിലപാടിലായിരുന്നു രാവിലെ മുതല്‍ പ്രദേശവാസികള്‍. ആയിരങ്ങളാണ് സമരത്തില്‍ അണിനിരന്നിരിക്കുന്നത്. സ്ത്രീകളും കുട്ടികളും പ്രായമായവരും എല്ലാം അടങ്ങുന്ന സമരനിര. അഞ്ഞൂറോളം പോലീസുകാരാണ് അറസ്റ്റ് നടപടിയില്‍ പങ്കെടുക്കുന്നത്. ഇടയ്ക്ക് പോലീസിന് നേര്‍ക്ക് ഒരു വിഭാഗം കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് ചെറിയ തോതില്‍ ലാത്തിവീശി പ്രതിഷേധക്കാരെ വിരട്ടിയോടിച്ചിരുന്നു. ഇതുവരെയും രംഗം ശാന്തമായിട്ടില്ല. ബലപ്രയോഗത്തിലൂടെയുള്ള പോലീസിന്റെ നടപടിയില്‍ ബിജെപി ശക്തമായി പ്രതിഷേധിച്ചു. ചര്‍ച്ചചെയ്ത് കാര്യങ്ങള്‍ പരിഹരിക്കുന്നതിനു പകരം സ്ത്രീകളെ വലിച്ചിഴച്ച് നീക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് മുതിര്‍ന്ന ബിജെപി നേതാക്കള്‍ അറിയിച്ചു.

തലസ്ഥാന നഗരത്തില്‍ രണ്ടുമാസമായി നിലച്ച മാലിന്യനീക്കം തിങ്കളാഴ്ച പുനരാരംഭിക്കാനുള്ള കോര്‍പ്പറേഷന്റെ തീരുമാനത്തിന്റെ ഭാഗമായാണ് രണ്ട് ലോറികളിലായി മാലിന്യം വിളപ്പില്‍ശാലയിലേക്ക് കൊണ്ടുവന്നത്.. എന്നാല്‍ കുട്ടികളെയും സ്ത്രീകളെയും മുന്നില്‍ നിര്‍ത്തി ശക്തമായ ചെറുത്തുനില്‍പ്പാണ് വിളപ്പില്‍ ശാലയില്‍ നടന്നത്.

കോര്‍പ്പറേഷന്റെ അഭ്യര്‍ഥന പ്രകാരം വന്‍ പോലീസ് സന്നാഹം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ചവര്‍ നീക്കത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിളപ്പില്‍ശാലയിലെ മാലിന്യസംസ്‌കരണം ഇനി കോര്‍പ്പറേഷന്റെ നേരിട്ടുള്ള ചുമതലയിലായിരിക്കും. ഇതുവരെ ഈ ജോലി ചെയ്തിരുന്ന സി.ഇ.ഡി. എന്ന കമ്പനി ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോര്‍പ്പറേഷന് കത്തു നല്‍കി.

വിളപ്പില്‍ശാലയില്‍ പ്ലാന്റ് നിര്‍മിച്ച കാലം മുതല്‍ 2007 വരെ ‘പോബ്‌സി’ നായിരുന്നു മാലിന്യസംസ്‌കരണ ചുമതല. പിന്നീട് പ്ലാന്റ് കോര്‍പ്പറേഷന്‍ ഏറ്റെടുത്തപ്പോള്‍ ‘സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ്’ എന്ന കമ്പനിക്കായി മാലിന്യസംസ്‌കരണ ജോലികളുടെ ചുമതല. ഈ കാലഘട്ടത്തില്‍ മാലിന്യസംസ്‌കരണം കാര്യക്ഷമമായിരുന്നില്ല എന്ന ആക്ഷേപമാണ് വിളപ്പില്‍ ശാലയിലെ പ്രക്ഷോഭകര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം