തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റയില്‍പാതയ്ക്ക് തത്വത്തില്‍ അംഗീകാരം

February 13, 2012 കേരളം

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റയില്‍പാതയ്ക്ക് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ തിരുവനന്തപുരത്തു ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. പദ്ധതി സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണെന്നു   ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷന്റെ (ഡിഎംആര്‍സി)  ആദ്യ സാധ്യതാ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതിവേഗ റയില്‍പാത പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കാനും   വിശദമായ പഠന റിപ്പോര്‍ട്ട് എത്രയും വേഗം തയ്യാറാക്കാന്‍ ഡിഎംആര്‍സിയോട് ആവശ്യപ്പെടാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. 560 കിലോമീറ്റര്‍ നീളത്തില്‍ 13 മീറ്റര്‍ വീതിയില്‍ തൂണുകള്‍ക്ക് മുകളിലാകും അതിവേഗ റയില്‍പാത നിലവില്‍ വരിക. 1.18 കോടിയാണ് പദ്ധതി ചെലവ്.

552 ഹെക്ടര്‍ സ്ഥലമാണു പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരിക. 4,500 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരുമെന്നു ഹൈ സ്പീഡ് റയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍   ചെയര്‍മാന്‍ ടി.ബാലകൃഷ്ണന്‍ പറഞ്ഞു. ജപ്പാനില്‍ നിന്നുള്ള വായ്പ,  സ്ഥലം ഏറ്റെടുക്കല്‍ എന്നിവയെ സംബന്ധിച്ച് വ്യക്തത വേണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പുതിയ പാതയുടെ അലൈന്‍മെന്റ്,  ഏറ്റെടുക്കുന്ന സ്ഥലങ്ങള്‍, പുനരധിവാസ പാക്കേജ് , വായ്പ തിരിച്ചടക്കുന്നതിനുള്ള മാര്‍ഗം എന്നിവ വീണ്ടും ചര്‍ച്ച ചെയ്യാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം