ആധാര്‍ രജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു

February 13, 2012 കേരളം

കൊച്ചി: പുതിയ തിരിച്ചറിയല്‍ കാര്‍ഡായ ആധാറിന്റെ രജിസ്‌ട്രേഷന്‍് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും കെല്‍ട്രോണ്‍ വഴിയുമുള്ള രജിസ്‌ട്രേഷന്‍ ഈ മാസം 15 മുതല്‍ മാര്‍ച്ച് 31 വരെയാണ് നിര്‍ത്തിവയ്ക്കുന്നത്. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ കാര്‍ഡുകള്‍ കൊടുത്തുതീര്‍ക്കുന്നതിനും സോഫ്റ്റ്‌വെയര്‍ കാര്യക്ഷമമായി പരിഷ്‌കരിക്കുന്നതിനും വേണ്ടിയാണിത്. ഏപ്രില്‍ ഒന്നിന് രജിസ്‌ട്രേഷന്‍ പുനരാരംഭിക്കും.

ഓരോ ഇന്ത്യക്കാരനും 12 അക്കങ്ങളുള്ള നമ്പര്‍ (ആധാര്‍ നമ്പര്‍) നല്‍കാന്‍ വേണ്ടിയുള്ള പദ്ധതിയാണിത്. കേരളത്തില്‍ 60 ലക്ഷം പേരുടെ വിവരങ്ങളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 24 ലക്ഷം പേര്‍ക്ക് കാര്‍ഡ് കൊടുത്തുകഴിഞ്ഞു. ബാക്കി വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് രജിസ്‌ട്രേഷന്‍ നിര്‍ത്തുന്നത്. ഇതുസംബന്ധിച്ച് കേരള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മിഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് അക്ഷയ കേന്ദ്രങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.

ആധാര്‍ നമ്പറും ദേശീയ ജനസംഖ്യാ രജിസ്റ്ററും (എന്‍.പി.ആര്‍.) തമ്മിലുള്ള വൈരുധ്യം പരിഹരിക്കുന്ന തീരുമാനം അടുത്തയിടെ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. ഇതനുസരിച്ച് രാജ്യത്തെ 61 കോടി ജനങ്ങളുടെ വിവരശേഖരണത്തോടെ ആധാര്‍ നടപടികള്‍ അവസാനിക്കും. യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടിയുടെ നേതൃത്വത്തിലുള്ള ആധാര്‍ പ്രവര്‍ത്തനങ്ങള്‍ 2009ലാണ് തുടങ്ങിയത്. ഇതുവരെ 20 കോടി ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളുടെ കാര്‍ഡുകള്‍ കൊടുത്തുതീര്‍ക്കാനുണ്ട്. ആധാര്‍ സ്വമേധയാ ചെയ്യാവുന്നതും എന്‍.പി.ആര്‍. നിര്‍ബന്ധവുമാണെന്നാണ് കേന്ദ്രമന്ത്രിസഭാ തീരുമാനം.സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നതാണ് ആധാര്‍ കാര്‍ഡ് കൊണ്ടുള്ള മെച്ചം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം