വിളപ്പില്‍ശാല മാലിന്യനീക്കം: സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു

February 13, 2012 കേരളം

തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ മാലിന്യനീക്കം തടഞ്ഞ നാട്ടുകാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വിളപ്പില്‍ശാലയിലേക്ക് പോലീസ് അകമ്പടിയോടെ വന്ന മാലിന്യവണ്ടികള്‍ തടയാനെത്തിയ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കുന്നതിനിടെ പ്രതിഷേധക്കാരില്‍ നിന്ന് പോലീസിനു നേര്‍ക്ക് കല്ലേറുണ്ടാവുകയായിരുന്നു. തുടര്‍ന്ന് സംഘര്‍ഷം നിയന്ത്രണാതീതമായതിനെത്തുടര്‍ന്ന് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. അറസ്റ്റു ചെയ്തവരുമായി പോയ പോലീസ് വാഹനം തടഞ്ഞാണ് ഒരു വിഭാഗം ചെറുപ്പക്കാര്‍ കല്ലേറ് നടത്തിയത്. കല്ലേറില്‍ ഒരു എഎസ്‌ഐയ്ക്ക് പരിക്കേറ്റു.

വിളപ്പില്‍ശാലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ വിളപ്പില്‍ശാല പഞ്ചായത്തില്‍ ഹര്‍ത്താലിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗത്തെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്നത്തെ നടപടികള്‍ നിര്‍ത്തിവെച്ചതായി പോലീസ് മേധാവികള്‍ അറിയിച്ചു. ഭാവി നടപടികള്‍ ആലോചിച്ചശേഷം തീരുമാനിക്കുമെന്ന് പോലീസ് പറഞ്ഞു. പോലീസ് നടപടി അവസാനിച്ചുവെന്ന് പ്രഖ്യാപിച്ചതോടെ പ്രതിഷേധക്കാര്‍ വിജയാരവം മുഴക്കി.

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ മാലിന്യം ഇന്ന് വിളപ്പില്‍ശാലയിലേക്ക് കൊണ്ടുപോകുമെന്ന് മേയര്‍ കെ ചന്ദ്രിക പ്രഖ്യാപിച്ചതോടെ ഇത് തടയാനായി അയ്യായിരത്തില്‍ അധികം വരുന്ന വിളപ്പില്‍ശാല നിവാസികളാണ് പ്രതിഷേധവുമായി എത്തിയത്.

പ്രതിഷേധിച്ച നാട്ടുകാര്‍ റോഡില്‍ കുത്തിയിരുപ്പ് നടത്തി. ഇത്രയധികം ജനങ്ങള്‍ റോഡില്‍ ഇരുന്നതിനാല്‍ എണ്ണത്തില്‍ കുറവായ പോലീസ് നന്നേ ബുദ്ധിമുട്ടി. രണ്ടു ലോറി മാലിന്യങ്ങളാണ് വിളപ്പില്‍ശാലയിലേക്ക് കൊണ്ടുവന്നത്. സമരക്കാരുടെ മുന്‍നിരയിലുണ്ടായിരുന്ന വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരി അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷം മാലിന്യം, ചവറുഫാക്ടറിയിലേക്ക് കൊണ്ടുപോകാനാണ് പോലീസ് ശ്രമിച്ചത്. കുട്ടികളും സ്ത്രീകളും വികലാംഗരും പ്രായമായവരുമാണ് സമരത്തിന്റെ മുന്‍നിരയില്‍ അണിനിരന്നത്. പിന്‍നിരയിലാണ് പുരുഷന്‍മാര്‍.

ഉച്ചയ്ക്ക് പ്രതിഷേധക്കാര്‍ ഊണു കഴിക്കാന്‍ ആരംഭിച്ചതോടെ പോലീസ് അറസ്റ്റു ചെയ്യാതെ മാറി നിന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ ഊണു തുടര്‍ന്നതോടെ അറസ്റ്റുചെയ്യാതിരിക്കാനുള്ള പ്രതിഷേധക്കാരുടെ തന്ത്രമാണിതെന്ന് പോലീസിന് മനസ്സിലായി. ഇതിനുശേഷമാണ് നേരത്തെ അറസ്റ്റു ചെയ്തവരുമായി പോയ പോലീസ് വാഹനം തടഞ്ഞ്് ഒരു വിഭാഗം ചെറുപ്പക്കാര്‍ കല്ലേറ് നടത്തിയത്. തുടര്‍ന്നാണ് പോലീസ് ലാത്തി ചാര്‍ജും കണ്ണീര്‍വാതകപ്രയോഗവും നടത്തിയത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ പോലീസ് മേധാവിയും എഡിഎമ്മും സ്ഥലത്തെത്തിയിരുന്നു.

കഴിഞ്ഞ 52 ദിവസമായി വിളപ്പില്‍ശാലയിലേയ്ക്ക് നഗരസഭയുടെ ചവര്‍ വണ്ടികള്‍ വന്നിട്ട്. എന്തു വിലകൊടുത്തും നഗരസഭയുടെ ചവര്‍ ലോറികള്‍ തടയുമെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് വിളപ്പില്‍ ജനകീയ സമരസമതി. പഞ്ചായത്തിന്റേയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണയും സമരസമിതിയ്ക്കുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം