അന്വേഷണം വഴിതെറ്റുന്നു: മലയാള ബ്രാഹ്മണ സമാജം

February 13, 2012 കേരളം

ചെങ്ങന്നൂര്‍: പാണ്ടനാട് മുതവഴി ശ്രീ കുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ താഴികക്കുടം കവര്‍ച്ചയുമായി ബന്ധപ്പെട്ട് നടന്നു വരുന്ന അന്വേഷണം ശരിയായ ദിശയിലല്ല പുരോഗമിക്കുന്നതെന്ന് തൃച്ചെങ്ങന്നൂര്‍ ഗ്രാമ മലയാളബ്രാഹ്മണ സമാജം പ്രസിഡന്റ് എന്‍. രാജേഷ് ആരോപിച്ചു. സംഭവവുമായി ബന്ധമില്ലാത്ത ചിത്രത്തൂര്‍ മഠത്തിലെ അംഗമായ ശരത് ഭട്ടതിരിയെ അറസ്റ്റ് ചെയ്ത് പ്രതിയാക്കിയതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസിലെ ഒന്നാം പ്രതിയെന്ന് പോലീസ് പറയുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി സുരേഷ് ഇപ്പോഴും ഒളിവിലാണ്.

എന്നാല്‍ സുരേഷിനെ പിടികൂടിയാല്‍ ഈ കവര്‍ച്ചയുടെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകുമെന്നിരിക്കെ ഇയാളെ പിടികൂടുന്നതിന് അന്വേഷണ സംഘം ഇതുവരെ തയ്യാറായിട്ടില്ല. സംഭവത്തിന്റെ മുഖ്യ സൂത്രധാരനായ സുരേഷാണ് താഴികക്കുടത്തിന്റെ അവകാശവാദമുന്നയിച്ച് ചെങ്ങന്നൂര്‍ സബ് കോടതിയില്‍ ക്ഷേത്ര ഉടമസ്ഥരായ ചിത്രത്തൂര്‍ മഠത്തിനെതിരായി കക്ഷിചേര്‍ന്ന് ചെങ്ങന്നൂര്‍ സബ്‌കോടതിയില്‍ 2008 ല്‍ കേസ്സ് നടത്തിയിരുന്ന ആളാണ്. കവര്‍ച്ച നടന്നതിന് മൂന്നു ദിവസം മുന്‍പ് പോലീസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍ പോലീസ് തൃശൂര്‍ കേന്ദ്രമായുള്ള ഒരു സംഘം താഴികക്കുടം കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ടിരുന്നതായും സുരക്ഷ ശക്തമാക്കണമെന്നും ഭരണ സമതിയോട് നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ സംഭവ ദിവസം ക്ഷേത്രത്തില്‍ കാവല്‍ ഏര്‍പ്പെടുത്താതിരുന്നതില്‍ ദുരൂഹതയുണ്ട്. പോലീസ് നായ, വിരലടയാള വിദഗ്ദര്‍ എന്നിവര്‍ നടത്തിയ ശാസ്ത്രീയ പരിശോധനാഫലം അന്വേഷണത്തില്‍ ഇതുവരെ ഉപയോഗപ്പെടുത്തിയില്ല. കവര്‍ച്ച നടന്നതിന് പിറ്റേദിവസം ആര്‍ഡിഒ യ്ക്ക് ചിത്രത്തൂര്‍മഠം കവര്‍ച്ചക്കേസില്‍ സത്വരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തിരുന്നു.

പക്ഷേ യഥാര്‍ഥപ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ആര്‍ജ്ജവം അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ചില്ലെന്നും രാജേഷ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു. കവര്‍ച്ചയുടെ യഥാര്‍ഥ വസ്തുത പുറത്തു വന്നാല്‍ മാത്രമേ മോഷണം സംബന്ധിച്ച സത്യം പൊതുസമൂഹത്തിന് ബോധ്യപ്പെടുകയുള്ളൂയെന്നും യഥാര്‍ഥ പ്രതികളെ അറസ്റ്റു ചെയ്യുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ തയാറാകണമെന്നും സമാജം ആവശ്യപ്പെട്ടു. ഭാരവാഹികളായ അശോക് കുമാര്‍ ഭട്ടതിരി, ശങ്കരഭട്ടതിരി, പരമേശ്വര ഭട്ടതിരി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം