ഹിന്ദു മതത്തിന്റെ പ്രത്യേകതകള്‍ – ഭാഗം ഒന്ന്

September 4, 2010 മറ്റുവാര്‍ത്തകള്‍

ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി

1. ശ്രീരാമകൃഷ്‌ണ ദേവന്‍ ഹിന്ദുമതത്തെപ്പറ്റി പറഞ്ഞതിപ്രകാരമാണ്‌. `ഹിന്ദുമതം പല ഇനം തൊപ്പികള്‍ സൂക്ഷിക്കുന്ന ഒരു കടയാണ്‌. ഏതുതരം തലയുള്ളവനും യോജിക്കുന്ന തൊപ്പി അവിടെയുണ്ട്‌. എന്നാല്‍ മറ്റുമതങ്ങളെല്ലാം ഒരേയിനം തൊപ്പി സൂക്ഷിക്കുന്ന കടകളാണ്‌. തൊപ്പിക്കു യോജിക്കുന്ന തലയുള്ളവനേ അങ്ങോട്ടു ചെല്ലാവൂ.’

സമദര്‍ശിയായ ഒരു മഹാത്മാവിന്റെ അഭിപ്രായമാണിത്‌. പരിമിതമായ ചട്ടക്കൂടിനുള്ളില്‍ വ്യക്തിയെയും സമൂഹത്തെയും ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുന്ന ദോഷം ഹിന്ദുമതത്തിനില്ല. മറ്റെല്ലാ മതങ്ങള്‍ക്കും അതുണ്ട്‌.

2. മതനിയമങ്ങളെ ചോദ്യം ചെയ്‌ത്‌ ചിന്തിക്കുവാനും തീരുമാനമെടുക്കുവാനുമുള്ള സ്വാതന്ത്ര്യം ഹിന്ദുമതം നില്‍കിയിട്ടുണ്ട്‌. മറ്റു മതങ്ങളില്‍ അതില്ല. മതനിയമങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം എന്ന അഭിപ്രായമാണ്‌ ഹിന്ദുമതത്തിനുള്ളത്‌. മറ്റു മതങ്ങള്‍ അതനുവദിക്കുന്നില്ല. (ഉദാ: സല്‍മാന്‍ റഷ്‌ദി + ആയത്തുള്ള ഖൊമേനി.)

3. മറ്റു മതങ്ങള്‍ വ്യക്തിത്വത്തെ മരവിപ്പിച്ചു മതത്തെ നിലനിര്‍ത്തുന്നു. ഹിന്ദുമതം വ്യക്തിത്വത്തെ വളര്‍ത്തി സ്വതന്ത്രമാക്കുന്നു.
4. മറ്റു മതങ്ങള്‍ ഈശ്വരനെ ഒരു വ്യക്തിയായി കാണുന്നു. ഹിന്ദുമതം വ്യക്തി തന്നെ ഈശ്വരനാണെന്നറിയുന്നു.
5. മറ്റു മതങ്ങള്‍ അവരുടെ മാര്‍ഗം മാത്രമാണ്‌ സത്യം എന്നു പ്രഖ്യാപിക്കുന്നു. ഹിന്ദുമതം എല്ലാ മതങ്ങളിലും സത്യം കണ്ടെത്തുന്നു.
6. മറ്റു മതങ്ങളിലെ ഈശ്വരസങ്കല്‌പം, രൂപം, നാമം, ഗുണം എന്നിവയില്‍ ഒതുങ്ങുന്നു. അതുകൊണ്ട്‌ ശാസ്‌ത്രീയമായി സ്ഥിരഭാവമുണ്ടെന്നു പറയാനാവില്ല. ഹിന്ദുമതത്തിന്റെ ഈശ്വരസങ്കല്‌പം അനന്തം, അവ്യയം, അവര്‍ണനീയം എന്നിങ്ങനെ അദൃശ്യമായനിര്‍ഗുണഭാവമായിരിക്കുന്നു. പ്രത്യക്ഷത്തില്‍ ഇത്‌ പ്രയോജനരഹിതമാണെന്നു തോന്നുമെങ്കിലും ശാസ്‌ത്രീയവും സത്യവുമാണ്‌. ഉദാഹരണം – ഏതു മതത്തില്‍പെട്ടവനായാലും ജനിക്കുന്നതിനു മുമ്പും മരണത്തിനുശേഷവും ഇന്ന രൂപത്തിലാണെന്നു പറയാന്‍ കഴിയുന്നില്ല. ഇന്ന ഗുണമാണവനുള്ളതെന്നും പറയാനാവില്ല. അതുകൊണ്ട്‌ വ്യക്തമായ അവസ്ഥയാണാദ്യത്തേത്‌ എന്നതിനു സംശയമില്ല. ഈ ശാസ്‌ത്രസത്യം മറ്റു മതങ്ങള്‍ അറിയുന്നില്ല. `ആദിയില്‍ വചനം ഉണ്ടായി’. വചനം വാക്കാണ്‌. വാക്കിനു അര്‍ഥം ഉണ്ട്‌. അര്‍ഥം ഏതെങ്കിലും വസ്‌തുവിനോട്‌ ബന്ധപ്പെട്ടിരിക്കും. അപ്പോള്‍ വചനത്തിനു മുന്‍പ്‌ വസ്‌തു വേണമല്ലോ. അതേതു വസ്‌തുവെന്നു കണ്ടുപിടിക്കേണ്ടതുണ്ട്‌.
7. ഹിന്ദുമതം ഒരു ഭൗതികശാസ്‌ത്രവും അതേസമയം ജീവശാസ്‌ത്രവുമാണ്‌. ഇവ രണ്ടും സ്വരൂപിച്ചിരിക്കുന്ന പ്രപഞ്ചശാസ്‌ത്രവും ഹിന്ദുമതം ചര്‍ച്ച ചെയ്‌തു സമര്‍ഥിക്കുന്നു. ജീവനെ അടിസ്ഥാനമാക്കിയുള്ള സുഖവും വസ്‌തുവിനെ അടിസ്ഥാനമാക്കിയുള്ള സുഖവും ചര്‍ച്ച ചെയ്‌തു ശരിയേതെന്നു നിര്‍ദേശിക്കുന്നു. തീരുമാനിക്കാനും അംഗീകരിക്കാനുമുള്ള സ്വാതന്ത്ര്യം വ്യക്തിക്കു തന്നെ നല്‌കിയിരിക്കുന്നു. അല്ലാത്ത പക്ഷം വ്യക്തി ഏതെങ്കിലും അഭിപ്രായത്തിനടിമയായിത്തീരും. മറ്റു മതങ്ങളില്‍ ഈ ശാസ്‌ത്ര വീക്ഷണവും ദര്‍ശനസ്വാതന്ത്ര്യവുമില്ല.
9. മറ്റു മതങ്ങള്‍ സ്വര്‍ഗം വരെ ചെന്നെത്തുതല്ലാതെ മോക്ഷം എന്തെന്നു വിവരിക്കുന്നില്ല. അതുകൊണ്ട്‌ ദുഃഖസീമയില്‍ തന്നെ അവസാനിക്കുന്നു.
10. വര്‍ഗം, വര്‍ണം, ജാതി, മതം, തേജോഗോളങ്ങള്‍, മറ്റു ജീവരാശികള്‍, ലോകങ്ങള്‍ ഇവയ്‌ക്കെല്ലാം ഒരു പൊതുതത്ത്വം കണ്ടെത്തുന്നതില്‍ മറ്റു മതങ്ങള്‍ പരാജയപ്പെട്ടു. ഹിന്ദുമതം ആ സനാതനതത്ത്വത്തില്‍ തുടങ്ങുകയും അവിടെത്തന്നെ സമാപിക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ ഏകത്വം ദര്‍ശിക്കുന്നു. മറ്റുള്ളവയ്‌ക്ക്‌ അതിനു കഴിയുന്നില്ല.

(തുടര്‍ന്ന് വായിക്കുക – ഭാഗം രണ്ട്)

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍