ഔഷധ സസ്യകൃഷി പ്രോത്സാഹിപ്പിക്കും: മുഖ്യമന്ത്രി

February 14, 2012 കേരളം

തിരുവനന്തപുരം: പ്‌ളാന്റേഷന്‍ മേഖലയില്‍ ഔഷധ സസ്യകൃഷി പ്രോത്സാഹിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്തു നടക്കുന്ന ഗ്‌ളോബല്‍ ആയുര്‍വേദ മേളയോടനുബന്ധിച്ചുള്ള ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ തനതായ ചികിത്സാരീതിയായതിനാല്‍ ആയൂര്‍വേദം ഏറെ പ്രാധാന്യത്തോടെ കാണേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അപൂര്‍വ ഔഷധ സസ്യങ്ങളുടെ ലഭ്യതക്കുറവ് ആയുര്‍വേദ രംഗത്തെ അല്പം പിന്നോക്കമാക്കിയിരിക്കുകയാണ്. ഈ അവസ്ഥ മാറുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഇതിന് അനുകൂലമായ ഒരു നിയമം രൂപപ്പെടുത്തിയിരുന്നെങ്കിലും അതു പ്രായോഗിക തലത്തില്‍ എത്തിയിരുന്നില്ല. ഇതു നടപ്പില്‍ വരുത്തുന്നതിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്‌ളാന്റേഷന്‍ മേഖലയില്‍ ഔഷധ സസ്യങ്ങളും പച്ചക്കറികളും ഉള്‍പ്പെടെ കൃഷി ചെയ്യുന്നതിനുള്ള സംവിധാനം കൊണ്ടുവരും. ആയുര്‍വേദ മരുന്നുകള്‍ക്കാവശ്യമായ ഔഷധച്ചെടികള്‍ എസ്‌റേറ്റുകളില്‍ കൃഷിചെയ്യുന്നതിനുള്ള പ്രത്യേക അനുമതി നല്‍കുന്നതിനുള്ള നിയമമാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്‌ളാന്റേഷന്‍ മേഖലയിലെ മറ്റു വിളകള്‍ക്കൊപ്പം പച്ചക്കറി, പൂവ്, ഔഷധ സസ്യ കൃഷികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി എസ്‌റേറ്റുകളിലെ അഞ്ചു ശതമാനം ഭൂമി വിനിയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തു ധാരാളം തൊഴിലവസരങ്ങളുണ്ടാകും. ആയുര്‍വേദത്തിന്റെ സമഗ്ര വികസനത്തിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഉയര്‍ച്ച കൈവരിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം