ആരോഗ്യസര്‍വകലാശാല പ്രഥമ നൃത്തകലോത്സവം 17 മുതല്‍

February 14, 2012 കേരളം

തൃശൂര്‍: ആരോഗ്യസര്‍വകലാശാലയുടെ പ്രഥമ നൃത്തകലോത്സവം 17, 18 തീയതികളില്‍ പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാട് ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ നടക്കും. ആരോഗ്യസര്‍വകലാശാലയുടെ കീഴില്‍ വരുന്ന 229 കോളജുകളും മത്സരത്തില്‍ പങ്കെടുക്കും. നിള, നൃത്യ, ലാസ്യ എന്നീ മൂന്നു സ്‌റേജുകളിലായി നടക്കുന്ന മത്സരങ്ങളില്‍ എഴുനൂറില്‍പ്പരം വിദ്യാര്‍ഥികള്‍ മത്സരിക്കും. രണ്ടു ഗ്രൂപ്പ് ഇനങ്ങളും രണ്ടു സിംഗിള്‍ ഇനങ്ങളും ഉള്‍പ്പടെ ആകെ നാലു നൃത്ത ഇനങ്ങളില്‍ മാത്രമേ ഒരു കോളജിനു പങ്കെടുക്കാനാകൂ. നൃത്തോത്സവത്തിന്റെ ഭാഗമായി 16നു വൈകുന്നേരം അഞ്ചിനു നടക്കുന്ന വിളംബര ജാഥ കലാമണ്ഡലം വള്ളത്തോള്‍ പ്രതിമയ്ക്കു മുന്നില്‍ നിന്നാരംഭിക്കും. ജാഥ പഴയ കലാമണ്ഡലത്തിലെവള്ളത്തോള്‍ സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി പ്രധാന വേദിയില്‍ പതാകയുയര്‍ത്തുന്നതോടെ മേളയ്ക്കു തുടക്കമാകും.

സാഹിത്യസാംസ്‌കാരികരാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍, കലാമണ്ഡലം വിദ്യാര്‍ഥികള്‍, എന്‍സിസി, സ്‌കൌട്ട്, സ്റ്റുഡന്റ്‌സ് പോലീസ് തുടങ്ങിയവരും ദഫ്മുട്ട്, പഞ്ചവാദ്യം, ബാന്‍ഡുമേളം തുടങ്ങിയവയും വിളംബരജാഥയ്ക്കു കൊഴുപ്പേകും. 17നു രാവിലെ ഒമ്പതിനു പ്രധാന വേദിയില്‍ കൂടിയാട്ടം കലാകാരന്‍ കലാമണ്ഡലം ശിവന്‍ നമ്പൂതിരിയെ ആരോഗ്യസര്‍വകലാശാല വൈസ്ചാന്‍സലര്‍ ആദരിക്കുന്ന ചടങ്ങിനുശേഷം നൃത്തകലോത്സവം ആരംഭിക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു. ആദ്യദിനത്തില്‍ ഭരതനാട്യം, ഒപ്പന, കേരളനടനം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവ അരങ്ങേറും. 18നു മാര്‍ഗംകളി, സംഘനൃത്തം, തിരുവാതിരകളി എന്നിവയാണു നടക്കുക.

വൈകുന്നേരം അഞ്ചിനു നടക്കുന്ന പൊതുസമ്മേളനത്തില്‍ സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യസര്‍വകലാശാല പ്രോ വൈസ്ചാന്‍സലര്‍ ഡോ. സി. രത്‌നാകരന്‍, കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. കെ.കെ. സുന്ദരേശന്‍ എന്നിവര്‍ പങ്കെടുക്കും. സാഹിത്യോത്സവം 15,1 6 തീയതികളില്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലാണ് നടക്കുക.വൈസ്ചാന്‍സലര്‍ ഡോ. കെ. മോഹന്‍ദാസ് അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ കെ. രാധാകൃഷ്ണന്‍ എംഎല്‍എ, വൈസ്‌ചെയര്‍മാന്‍ എം. സുലൈമാന്‍, ആരോഗ്യസര്‍വകലാശാല ഡീന്‍ ഡോ. കെ.ബി. സുധികുമാര്‍, എം. സന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം