രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കരുത്‌-ഹിന്ദു പാര്‍ലമെന്റ്‌

September 4, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ന്യൂനപക്ഷ സമുദായങ്ങള്‍ക്ക്‌ അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ ശുപാര്‍ശ ചെയ്യുന്ന വിവേചനപരമായ രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ അംഗീകരിക്കരുതെന്ന്‌ വിവിധ ജാതി സംഘടനകളുടെ സംയുക്തസമിതിയായ ഹിന്ദുപാര്‍ലമെന്റ്‌ ആവശ്യപ്പെടുന്നു. സംവരണം ജാതികള്‍ക്കുള്ളതാണ്‌. മതങ്ങള്‍ക്കുള്ളതല്ല.
കാലാകാലങ്ങളില്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം പോയ പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങളടക്കമുള്ള ഹിന്ദു പിന്നോക്ക ജാതികളെ മുഖ്യധാരയില്‍ കൊണ്ടുവരുവാന്‍ വിഭാവനം ചെയ്യപ്പെട്ടതാണ്‌ സംവരണം. ന്യൂനപക്ഷങ്ങള്‍ക്ക്‌ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ നല്‍കിവരുന്നുണ്ട്‌.അതിനു പുറമേ, മറ്റ്‌ ആനുകൂല്യങ്ങള്‍ നല്‍കുന്നത്‌ ഭരണഘടനാ വിരുദ്ധമാണ്‌.
ഒരു ഹിന്ദുമതം മാറിയാല്‍ ജാതിപ്പേര്‌ നഷ്‌ടപ്പെടും. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ജാതിവ്യവസ്ഥയില്ല. ഹിന്ദുസമൂഹത്തില്‍ മാത്രമാണ്‌ ജാതിവ്യവസ്ഥ ഉള്ളത്‌. ഹിന്ദുസമൂഹത്തില്‍ നിന്നും മതം മാറിയവര്‍ സംവരണ ആനുകൂല്യത്തിനായി ഹിന്ദുജാതിപ്പേര്‌ ഉപയോഗിക്കുന്നതും ഭരണഘടനാ വിരുദ്ധമാണ്‌.
ജാതിയുടേയും മതത്തിന്റെയും പരിഗണനകൂടാതെ അര്‍ഹതപ്പെട്ട എല്ലാ ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്കും വിദ്യഭ്യാസ സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നതിനു പകരം ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ മാത്രം സ്‌കോളര്‍ഷിപ്പ്‌ നല്‍കിവരുന്നതും ഭരണഘടനാവിരുദ്ധമാണ്‌. ഇത്തരം വിവേചനപരമായ നടപടികള്‍കൊണ്ട്‌ മതപരിവര്‍ത്തനം സര്‍ക്കാര്‍ തന്നെ പ്രോത്സാഹിപ്പിക്കുകയാണ്‌.
ജസ്റ്റിസ്‌ രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ യുക്തിക്കും ന്യായത്തിനും ധര്‍മ്മനീതിക്കും നിരക്കാത്തതാണ്‌. അതിനാല്‍ അത്‌ നടപ്പാക്കുവാനേ പാടില്ല.
107 ഹിന്ദുജാതി സംഘടനകളുടെ കൂട്ടായ്‌മയായ ഹിന്ദുപാര്‍ലമെന്റിന്റെ ഈ വികാരം കേന്ദ്ര-കേരള സര്‍ക്കാരുകള്‍ മനസ്സിലാക്കി ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്ന്‌ ആവശ്യപ്പെടുന്നു. രംഗനാഥ മിശ്രകമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കരുതെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ മേല്‍പ്പറഞ്ഞ 107 ഹിന്ദു ജാതിസംഘടനകളുടെ നേതാക്കന്മാര്‍ ഇന്ന്‌ രാവിലെ 10 മണിമുതല്‍ വൈകിട്ട്‌ 4 മണിവരെ സെക്രട്ടറിയേറ്റ്‌ നടയില്‍ ഉപവാസം അനുഷ്‌ടിക്കുന്നു. പ്രസ്‌തുത പരിപാടി ബ്രഹ്മശ്രീ രാഹുല്‍ ഈശ്വര്‍ ഉദ്‌ഘാടനം ചെയ്യുന്നതായിരിക്കും. തുടര്‍ന്ന്‌ സാമുദായിക നേതാക്കന്മാരുടെ പ്രതിനിധികള്‍ മുഖ്യമന്ത്രിയേയും ഗവര്‍ണ്ണറേയും സന്ദര്‍ശിച്ച്‌ ഇത്‌ സംബന്ധിച്ചുള്ള നിവേദനം നല്‍കുന്നതാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം