കൊച്ചി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പരിശോധന ഇന്നുമുതല്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോക്ക്‌

February 15, 2012 കേരളം

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പരിശോധനാ ചുമതല 15 മുതല്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഔദ്യോഗികമായി ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി ഐ.ബി. അസിസ്റ്റന്റ് ഡയറക്ടര്‍ രാജഗോപാല്‍, അസിസ്റ്റന്റ് എഫ്ആര്‍ആര്‍ഒ വിനോദ്കുമാര്‍ എന്നിവര്‍ കൊച്ചി വിമാനത്താവളത്തിലെത്തി ചുമതലയേറ്റു.

മറ്റ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ചുമതലയേല്‍ക്കും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സുരക്ഷ കര്‍ശനമാക്കുന്നതിനായാണ് കൊച്ചി ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ പരിശോധന ഐ.ബി. ഏറ്റെടുക്കുന്നത്. സംസ്ഥാന പോലീസിനാണ് കൊച്ചി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പരിശോധനയുടെ ചുമതല. സംസ്ഥാന പോലീസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ഐബിയിലേക്ക് ഉദ്യോഗസ്ഥരെ എടുത്തിട്ടുണ്ട്. എമിഗ്രേഷന്‍ വിഭാഗത്തിലും മറ്റും പ്രവര്‍ത്തന മികവ് തെളിയിച്ചിട്ടുള്ളവരെയാണ് ഡെപ്യൂട്ടേഷനില്‍ എടുത്തിരിക്കുന്നത്.

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ കീഴിലുള്ള ബ്യൂറോ ഓഫ് എമിഗ്രേഷന്‍ (ബി.ഒ.ഐ.) ആണ് കൊച്ചി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിന്റെ ചുമതല വഹിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം