മാലിന്യ സംസ്‌കരണത്തിനായി വിദേശസംവിധാനം ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി

February 15, 2012 കേരളം

തിരുവനന്തപുരം: മാലിന്യ സംസ്‌കരണത്തിനായി വിദേശരാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ട്രക്ക് മൗണ്ടഡ് എമര്‍ജന്‍സി ഇന്‍സിലറേഷന്‍ സംവിധാനം സംസ്ഥാനത്തും നടപ്പിലാക്കുന്നു. ട്രക്കില്‍ വച്ചു തന്നെ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന രീതിയാണിത്. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം രണ്ട് യൂണിറ്റുകള്‍ വാങ്ങുന്നതിനായി നടപടികള്‍ സ്വീകരിക്കാന്‍ സിഡ്‌കോയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ഒരു യൂണിറ്റിന് രണ്ടു മുതല്‍ മൂന്ന് കോടി രൂപ വരെ വിലവരും. മാലിന്യപ്രശ്‌നം രൂക്ഷമായിക്കൊണ്ടിരക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. വിദേശരാജ്യങ്ങളില്‍ നിന്നാണ് യൂണിറ്റുകള്‍ വാങ്ങേണ്ടതെന്നും എത്രയും വേഗം സംവിധാനം ഏര്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെക്കുറിച്ച് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച നടന്നതായി സമ്മതിച്ച മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ലെന്ന് വ്യക്തമാക്കി. തൊഴില്‍രഹിതരായ യുവാക്കളുടെ ആശങ്കകള്‍ കൂടി പരിഗണിച്ചു മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിരമിക്കല്‍ ഏകീകരണം വാസ്തവത്തില്‍ ഒരു വര്‍ഷം കൂടി അധികം നല്‍കിയതിന് തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ ജില്ലകളില്‍ നെല്ല് സംഭരണകേന്ദ്രങ്ങള്‍ ആരംഭിക്കും. ഏതൊക്കെ ജില്ലകളില്‍ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന് നിര്‍ദേശിക്കാന്‍ കൃഷിമന്ത്രിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. 15 രൂപയ്ക്കായിരിക്കും നെല്ല് സംഭരിക്കുക.

സുകുമാര്‍ അഴീക്കോടിന്റെ തൃശൂരിലെ വീട് സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് സ്മാരകമാക്കും. അദ്ദേഹത്തിന്റെ ബന്ധുക്കളുമായി ആലോചിച്ച് ഇതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് മൂലേടം, കുമാരനല്ലൂര്‍ റെയില്‍വേ മേല്‍പാലങ്ങള്‍ നിര്‍മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നത് അതിവേഗ പദ്ധതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു.

2017 ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന 17 വയസില്‍ താഴെയുള്ളവരുടെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ കേരളത്തിന് വേദി അനുവദിക്കണമെന്ന കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ ആവശ്യത്തിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇതിന്റെ തുടര്‍നടപടികള്‍ക്കായി കൊച്ചിന്‍ കോര്‍പ്പറേഷനനെയും ജിസിഡിഎയെയും ചുമതലപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം