ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്: എതിര്‍പ്പ് കുപ്രചരണം മാത്രമെന്ന് എന്‍എസ്എസ്

February 16, 2012 കേരളം

കോട്ടയം: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ച് അതുവഴി നിയമനം നടത്തിയാല്‍ പട്ടികജാതി-വര്‍ഗ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുമെന്നത് നിക്ഷിപ്ത താല്‍പര്യക്കാരുടെ കുപ്രചാരണം മാത്രമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ദേവസ്വം നിയമനങ്ങളില്‍ സംവരണത്തിലെ വ്യവസ്ഥകളനുസരിച്ച് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങള്‍ക്ക് 33% സംവരണം ചെയ്തിട്ടുണ്ട്. സംവരണതത്വപ്രകാരം അന്‍പത് ശതമാനത്തില്‍ 33% നല്‍കികഴിഞ്ഞ് ബാക്കിയുള്ള 17 ശതമാനം ഹൈന്ദവരിലെ സംവരണേതരവിഭാഗങ്ങളില്‍പ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ചെയ്യണമെന്ന ആവശ്യം എന്‍എസ്എസ് ഉന്നയിച്ചിട്ടുണ്ട്. ഇത് നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ആരുടെയും ഔദാര്യമല്ല. ഇത് നല്‍കുന്നതിനോടുള്ള എതിര്‍പ്പാണ് കുപ്രചാരണം നടത്തുന്നവര്‍ക്കുള്ളതെങ്കില്‍ അത് വിലപ്പോവുമെന്ന് ആരും കരുതേണ്ട. ആ സാമൂഹിക അനീതിക്കെതിരെ ശക്തമായ നിലപാട് എടുക്കുമെന്നും എന്‍എസ്എസ് വ്യക്തമാക്കി.

ദേവസ്വം ബോര്‍ഡുകളില്‍ പിഎസ്‌സി വഴിയുള്ള നിയമനം പ്രായോഗികമോ നിയമപരമായി നിലനില്‍ക്കുന്നതോ അല്ല. നിയമനകാര്യത്തില്‍ മറ്റു മതവിഭാഗങ്ങള്‍ക്കില്ലാത്ത പിഎസ്‌സി നിയന്ത്രണം ഹൈന്ദവരുടെ സ്ഥാപനത്തില്‍ കൊണ്ടുവരാതെ ഹൈന്ദവര്‍ മാത്രമടങ്ങുന്ന ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ച് നിലവിലുള്ള സംവരണവ്യവസ്ഥകള്‍ പാലിച്ച് നിയമനങ്ങള്‍ നടത്തുന്നതിനുള്ള നിയമനിര്‍മാണം കൊണ്ടുവരുന്നതിനെ എതിര്‍ക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതികളെക്കുറിച്ച് അന്വേഷിക്കുവാന്‍ ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ ദേവസ്വം ബോര്‍ഡുകള്‍ക്കെല്ലാം കൂടി ഒരു ഏകീകൃത ദേവസ്വം റിക്രൂട്ടക്കമെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. മുന്‍ സര്‍ക്കാരും അന്നത്തെ ദേവസ്വം ബോര്‍ഡും നിര്‍ദേശം അംഗീകരിക്കാമെന്ന് കോടതിയെ അറിയിച്ചിട്ടുമുണ്ട്. കോടതി രേഖകളിലും ഇതുണ്ട്. അതുകൊണ്ടുതന്നെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടപ്പാക്കാനുള്ള ബാധ്യതയും സര്‍ക്കാരിനുണ്ടെന്നും ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം