കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് അംഗീകാരം

February 16, 2012 ദേശീയം

ന്യൂഡല്‍ഹി: മുപ്പതു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്‌ ഇന്നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിക്ക് അംഗീകാരം നല്‍കി. 576 കോടിയുടെ പദ്ധതിക്കായി ആഗോള ടെന്‍ഡര്‍ വിളിക്കും. ആദ്യം അലുമിനിയം കോച്ചുകളും പിന്നീട് സ്റ്റീല്‍ കോച്ചുകളും ഇവിടെ നിര്‍മ്മിക്കും.
രാജ്യത്തെ നാലാമത്തെ കോച്ച് ഫാക്ടറിയാണ് കഞ്ചിക്കോട്ട് സ്ഥാപിക്കുന്നത്. രണ്ടുവര്‍ഷത്തിനകം കഞ്ചിക്കോട്ടെ ഫാക്ടറിയില്‍ കോച്ചുകള്‍ നിര്‍മിച്ച് തുടങ്ങാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കയറ്റുമതി മുന്‍നിര്‍ത്തി ആധുനിക സൗകര്യങ്ങളുള്ള ഹൈടെക് കോച്ചുകളാണ് കഞ്ചിക്കോട്ട് നിര്‍മിക്കുക. കോച്ച് ഫാക്ടറി വരുന്നതോടെ ആയിരത്തിലേറെ പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കും. ഇതിനോടനുബന്ധിച്ച് നൂറുകണക്കിന് അനുബന്ധ വ്യവസായങ്ങളും കഞ്ചിക്കോട്ട് ഉയരും.
ഫിബ്രവരിയില്‍ തന്നെ പദ്ധതിയുടെ ശിലാസ്ഥാപനം നടത്തുമെന്ന കേന്ദ്ര റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര അനുമതി കൂടിയായതോടെ കോച്ച് ഫാക്ടറിക്ക് മുന്നിലെ കടമ്പകളെല്ലാം കഴിഞ്ഞു. ശിലാസ്ഥാപനം ഈ മാസം നടന്നാലും മാര്‍ച്ച് 14 ന് അവതരിപ്പിക്കുന്ന റെയില്‍വെ ബജറ്റില്‍ തുക വകയിരുത്തിയാല്‍ മാത്രമേ ഫാക്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയൂ.
പുതുശ്ശേരി വെസ്റ്റ് വില്ലേജില്‍ കഞ്ചിക്കോട് – മലമ്പുഴ റോഡില്‍ ഗ്രാമലക്ഷ്മി മുദ്രാലയത്തിന് സമീപമാണ് കോച്ച് ഫാക്ടറിക്ക് സ്ഥലം കണ്ടെത്തിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം