തിരുവില്വാമല ഏകാദശി 18ന്

February 16, 2012 ക്ഷേത്രവിശേഷങ്ങള്‍

തിരുവില്വാമല: കലാ സാംസ്‌കാരിക പരിപാടികളും പ്രൗഢഗംഭീരമായ എഴുന്നള്ളിപ്പുകളുമായി തിരുവില്വാമലയില്‍ ഇനി ഉത്സവവനാളുകള്‍. ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തിനുള്ള അഷ്ടമി വിളക്ക് ഇന്നലെ നടന്നു.

ലക്ഷാര്‍ച്ചനയുടെ സമാപനദിവസായ ഇന്നലെ രണ്ട് ശ്രീകോവിലുകളിലും കളഭാഭിഷേകം നടന്നു. നവകം, പന്തീരടി, ശീവേലി എന്നിവയ്ക്കുശേഷം നടന്ന അന്നദാനത്തില്‍ പതിനായിരക്കണക്കിന് ഭക്തര്‍ പങ്കെടുത്തു. ക്ഷേത്രം തിരുമുറ്റത്ത് വരിയായി ഇരുന്ന ശ്രീവില്വാദ്രിനാഥന്റെ പ്രസാദം സ്വീകരിക്കുന്നതിനായി നാടിന്റെ നാനാ ഭാഗങ്ങളില്‍നിന്നായി നിരവധി ഭക്തര്‍ ക്ഷേത്രസന്നിധിയില്‍ തടിച്ചുകൂടിയിരുന്നു. രസകാളന്‍, ഓലന്‍, ഉപ്പിലിട്ടത്, പായസം എന്നിവയായിരുന്നു വിഭവങ്ങള്‍.

നവമിവിളക്കുദിനമായ ഇന്ന് ശ്രീവില്വാദ്രിനാഥ സംഗീതോത്സവം ആരംഭിക്കും. രാവിലെ 8.30-ന് ശീവേലി എഴുന്നള്ളിപ്പില്‍ മേളം, പഞ്ചവാദ്യം എന്നിവ അരങ്ങേറും. വൈകുന്നേരം ആറിന് വിളക്കുവയ്പ്പ്, ദീപാരാധന, നാദസ്വരം, 7.30-ന് അഡ്വ. ശോഭാമേനോനും പാര്‍ട്ടിയും അവതരിപ്പിക്കുന്ന ഭക്തിഗാനമേള, 9.30-ന് കലാമണ്ഡലം അജിത് അവതരിപ്പിക്കുന്ന തായമ്പക, മദ്ദളകേളി.

ദശമി വിളക്ക് ദിനത്തില്‍ പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, അന്നമനട പരമേശ്വരമാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മേളവും പഞ്ചവാദ്യവും അരങ്ങേറും. ഓട്ടോന്‍തുള്ളല്‍, സംഗീത കച്ചേരി, നാദസ്വര കച്ചേരി, ഡബിള്‍ തായമ്പക എന്നിവയും ദശമിയോടനുബന്ധിച്ച് നടക്കും. ശനിയാഴ്ചയാണ് പ്രസിദ്ധമായ തിരുവില്വാമല ഏകാദശി. ഏകാദശി വ്രതമെടുത്ത പതിനായിരങ്ങള്‍ വില്വാദ്രിനാഥനെ തൊഴുതു വണങ്ങാനെത്തും.

ശ്രീ വില്വാദ്രിനാഥ സംഗീതോത്സവത്തില്‍ പ്രശസ്ത സംഗീതജ്ഞരുടെ നേതൃത്വത്തില്‍ രാവിലെ പത്തിന് ത്യാഗരാജ പഞ്ചരത്‌നകീര്‍ത്തനാലാപനം നടക്കും. മോഹിനിയാട്ടം, നൃത്തനൃത്യങ്ങള്‍, പുലര്‍ച്ചെ വിളക്കാചാരം എന്നിവയുണ്ടാകും. ഞായറാഴ്ച ദ്വാദശി ഊട്ടോടെ ഏകാദശി മഹോത്സവം സമാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍