പതിനയ്യായിരം പറകളുമായി പറപ്പൂക്കാവ് പുറപ്പാട് ദേശങ്ങളിലേക്ക്

February 16, 2012 ക്ഷേത്രവിശേഷങ്ങള്‍

കേച്ചേരി: ചരിത്ര പ്രസിദ്ധമായ കേച്ചേരി പറപ്പൂക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പുറപ്പാടിന് പതിനയ്യായിരം പറകള്‍. തട്ടകത്തെ പതിനെട്ട് ദേശങ്ങളില്‍ നിന്നും കേച്ചേരിപ്പുഴയോരത്ത് പറപുറപ്പാടുകള്‍ എത്തിച്ചേരും. പതിനയ്യായിരം പറയെടുക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത്. പറപ്പൂക്കാവ് പൂരമഹോത്സവത്തിന്റെ നാന്ദി കുറിച്ചുകൊണ്ട് കാല്‍നാട്ടുകര്‍മം നടന്നത് മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയാണ്. രണ്ടാമത്തെ ചൊവ്വാഴ്ച പറപുറപ്പാടിനും തുടക്കമായി. തൃശൂര്‍, തലപ്പിള്ളി, ചാവക്കാട് താലൂക്കുകളിലെ 64 ദേശങ്ങളിലായി പരന്നു കിടക്കുന്ന പതിനയ്യായിരത്തില്‍പ്പരം വീടുകളില്‍ പറയെടുക്കും.പറയെത്തുന്ന വീട് ഭക്തിയുടെയും വിശ്വാസത്തിന്റെയും സങ്കീര്‍ത്തനങ്ങളില്‍ ദേവീ സാന്നിധ്യത്തെയും ഐശ്വര്യത്തെയും സ്വീകരിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. ഇതുകൊണ്ടുതന്നെ പറപ്പൂക്കാവ് പറയെടുപ്പിന് വിശേഷകളും ഏറെയാണ്.

പറയെത്തുന്നതിന് മുമ്പേ ഗൃഹനാഥന്‍ പറക്ഷണിക്കല്‍ നടത്തും. കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും പറയെടുപ്പിന് സാക്ഷികളാവാന്‍ എത്തിച്ചേരും. തുടര്‍ന്നാണ് കോമരവും വാദ്യക്കാരുമെത്തിച്ചേരുക. ദേവീ സഹായത്തിനായി അണിയിച്ചൊരുക്കിയ മുറ്റത്ത് പള്ളിവാളും കാല്‍ച്ചിലമ്പും തിരുവസ്ത്രങ്ങളുമണിഞ്ഞ കോമരം ഉറഞ്ഞുതുള്ളി കല്പന പുറപ്പെടുവിക്കും. ഭക്തര്‍ക്ക് ആശ്വാസം പകര്‍ന്നു നല്കിയാണ് കോമരത്തിന്റെ അടുത്ത വീട്ടിലേക്കുള്ള യാത്ര. കോമരത്തോടും സംഘത്തോടുമൊപ്പം ഭക്തജനങ്ങളും അണിച്ചേരും. ഉത്സവദിനമായ മാര്‍ച്ച് 30ന് നടയ്ക്കല്‍ പറയോടെയാണ് സമാപനം.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍