മുല്ലപ്പെരിയാര്‍: പുതിയ പഠനറിപ്പോര്‍ട്ട് തിങ്കളാഴ്ച്ച സമര്‍പ്പിക്കും

September 5, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച പുതിയ പഠനറിപ്പോര്‍ട്ട് തിങ്കളാഴ്ച്ച സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. റൂര്‍ക്കി ഐ.ഐ.ടിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ടാണ് അടുത്തദിവസം സമര്‍പ്പിക്കുക. രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ഈ റിപ്പോര്‍ട്ട് ഇതുവരെ കോടതിയുടെ പരിഗണനയ്ക്ക് വന്നിട്ടില്ല. ഈ റിപ്പോര്‍ട്ടില്‍ പറയുന്നത് ഡാം ബലക്ഷയം നേരിടുന്നുണ്ട് എന്നുതന്നെയാണ്. സമീപപ്രദേശങ്ങളെ ചെറിയ ഭൂകമ്പത്തിന് പോലും ഡാമിനെ തകര്‍ക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഐഐടിയിലെ എം.എല്‍. ശര്‍മ്മ, ഡോ. പോള്‍ എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

ഡാമിലെ വെള്ളപ്പൊക്ക സാധ്യത സംബന്ധിച്ച കേന്ദ്ര ജലകമ്മീഷന്റെ പഠനറിപ്പോര്‍ട്ടും കോടതിയില്‍ വരുംദിവസങ്ങളില്‍ ഹാജരാക്കും. ഐഐടിയിലെ ശാസ്ത്രജ്ഞര്‍ സുപ്രീംകോടതി നിയമിച്ച ഉന്നതാധികാര സമിതിക്ക് മുമ്പില്‍ ഹാജരായി സാക്ഷിമൊഴികളും നല്‍കും. ഇത് കേരളത്തിന് വാദത്തിന് കൂടുതല്‍ ബലം നല്‍കുമെന്നാണ് പ്രതീക്ഷപ്പെടുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം