മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ്: മര്‍ഡോക് ലണ്ടനിലെത്തി

February 17, 2012 രാഷ്ട്രാന്തരീയം

ലണ്ടന്‍: ‘ദ സണ്‍’ പത്രത്തിന്റെ അഞ്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ വാര്‍ത്ത ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത സംഭവത്തേത്തുടര്‍ന്ന് ന്യൂസ് കോര്‍പ്പറേഷന്‍ മേധാവി റുപ്പര്‍ട്ട് മര്‍ഡോക് ലണ്ടനിലെത്തി. സംഭവത്തേത്തുടര്‍ന്ന് ലണ്ടനിലെ ‘ന്യൂസ് ഇന്റര്‍നാഷണല്‍’ ആസ്ഥാനം മര്‍ഡോക് സന്ദര്‍ശിക്കുമെന്നും ജീവനക്കാരെ കാണുമെന്നും ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു. യുഎസില്‍ നിന്നു സ്വകാര്യവിമാനത്തില്‍ ഇന്നലെ വൈകീട്ടാണ് മര്‍ഡോക് ലണ്ടനിലെത്തിയത്. വാര്‍ത്ത ചോര്‍ത്തല്‍ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബര്‍ മുതല്‍ പത്തോളം സണ്‍ മാധ്യമപ്രവര്‍ത്തകരെ പോലീസ് അറസ്‌റു ചെയ്തിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ‘ദ സണ്‍’ പത്രത്തിന്റെ അഞ്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തത്. ഡെപ്യൂട്ടി എഡിറ്റര്‍ ജെഫ് വെബ്‌സ്‌റര്‍, ഫോട്ടോ എഡിറ്റര്‍ ജോണ്‍ എഡ്വേഡ്, ചീഫ് റിപ്പോര്‍ട്ടര്‍ ജോണ്‍ കെയ്, ചീഫ് ഫോറിന്‍ കറസ്‌പോണ്ടന്റ് മിക് പാര്‍ക്കര്‍, റിപ്പോര്‍ട്ടര്‍ ജോണ്‍ സ്‌റര്‍ഗിസ് എന്നിവരെയാണ് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പോലീസ് അറസ്‌റുചെയ്തത്. ഇതിന് പുറമേ കൈക്കൂലി വാങ്ങിയതിനു മൂന്ന് പോലീസ് ഉദ്യോഗസ്ഥരേയും അറസ്‌റ് ചെയ്തിരുന്നു. പ്രമുഖരുടെ ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയതിന്റെ പേരില്‍ മര്‍ഡോക്കിന്റെ ‘ന്യൂസ് ഓഫ് ദ് വേള്‍ഡ്’ എന്ന പത്രം കഴിഞ്ഞവര്‍ഷം അടച്ചുപൂട്ടുകയും മര്‍ഡോക് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തി മാപ്പുപറയുകയും ചെയ്തിരുന്നു. അതേസമയം, പോലീസ് നടപടിയുടെ പശ്ചാത്തലത്തില്‍ ‘ദ സണ്‍’ പത്രം അടച്ചുപൂട്ടില്ലെന്ന് മര്‍ഡോക് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം