ചരക്കു കപ്പലില്‍നിന്നുള്ള വെടി യാതൊരു പ്രകോപനവും ഇല്ലാതെയെന്നു കോസ്റ്റ് ഗാര്‍ഡ്‌

February 17, 2012 കേരളം

കൊച്ചി: ഇറ്റാലിയന്‍ ചരക്കുകപ്പലില്‍നിന്ന് മത്സ്യത്തൊഴിലാളികളുടെ ബോട്ടിനുനേരെവെടിയുതിര്‍ത്തത് യാതൊരു പ്രകോപനവും ഇല്ലാതെയാണെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. ഈ സംഭവത്തില്‍ കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ ജെലസ്റ്റിന്‍ (വലന്‍ൈറന്‍ 50), എരമത്തുറ സ്വദേശി അജീഷ് പിങ്കു (21) എന്നിവരാണ് മരിച്ചത്.
സംഭവം നടക്കുമ്പോള്‍ ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് സോണിലായിരുന്നു കപ്പല്‍. സംഭവത്തെക്കുറിച്ച് വിവരം അറിയിക്കാന്‍ എന്റിക്ക ലെക്‌സി കപ്പല്‍ ജീവനക്കാര്‍ തയ്യാറായില്ല. നീണ്ടകര കോസ്റ്റല്‍ പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയതെന്ന് കോസ്റ്റ് ഗാര്‍ഡ് റീജണല്‍ കമാന്‍ഡര്‍ ഐ.ജി എസ്.പി.എസ് ബസ്ര പറഞ്ഞു.
തെറ്റിദ്ധാരണ മൂലമാണ് കപ്പലില്‍നിന്ന് വെടിയുതിര്‍ത്തതെങ്കിലും സംഭവത്തെ ന്യായീകരിക്കാന്‍ കഴിയില്ല. തെറ്റു സമ്മതിക്കാന്‍ കപ്പല്‍ ജീവനക്കാര്‍ ആദ്യം തയ്യാറായിരുന്നില്ല, കടല്‍ക്കൊള്ളക്കാരെന്ന് സംശയിച്ചാണ് വെടിയുതിര്‍ത്തതെന്നാണ് കപ്പല്‍ ജീവനക്കാര്‍ വിശദീകരിക്കുന്നത്. കടല്‍ക്കൊള്ളയുമായി ബന്ധപ്പെട്ട എന്തുവിവരവും കോസ്റ്റ് ഗാര്‍ഡിന് കൈമാറേണ്ടതാണ്. എന്നാല്‍ കപ്പല്‍ ജീവനക്കാര്‍ കോസ്റ്റ് ഗാര്‍ഡിനെ വിവരം അറിയിച്ചിട്ടില്ലെന്ന് ബസ്ര പറഞ്ഞു.
കപ്പലിലെ ആറ് സുരക്ഷാ ജീവനക്കാരെ അറസ്റ്റു ചെയ്യുന്നതുസംബന്ധിച്ച രേഖകള്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇറ്റാലിയന്‍ കോണ്‍സുലേറ്റിന് കൈമാറി. സുരക്ഷാ ജീവനക്കാരുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ കൊച്ചിയില്‍ ഇറക്കിയശേഷം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിനെ പോകാന്‍ അനുവദിച്ചേക്കും. കൊച്ചി തുറമുഖത്തെത്തി അന്വേഷണവുമായി സഹകരിക്കാന്‍ ചരക്ക് കപ്പലിന്റെ ക്യാപ്റ്റന്‍ നേരത്തെ വിസമ്മതിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം